---
title: "ആദ്യ രണ്ട്  ദിവസം വിപണിയിലെത്തിയത് 13.8 ടൺ; കുവൈത്തിൽ ചെമ്മീൻ സീസണിന് മികച്ച തുടക്കം"
english_title: "Kuwait Shrimp Fishing Season Starts Strong With 13.8 Tons in First 2 Days"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/376850/kuwait-shrimp-fishing-season-2025-starts-13-8-tons"
published_at: "2026-08-05T16:16:00+05:30"
category: "Gulf Focus"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7314bc86a12_kuwait-shrimp-fishing-season-2025-starts-13-8-tons.jpg"
keywords: ["Kuwait Fishing", "Shrimp Season", "Kuwait Fish Market", "Seafood Price"]
---

# ആദ്യ രണ്ട്  ദിവസം വിപണിയിലെത്തിയത് 13.8 ടൺ; കുവൈത്തിൽ ചെമ്മീൻ സീസണിന് മികച്ച തുടക്കം

> **Lead Summary:** കുവൈത്ത് സിറ്റി: കുവൈത്തിലെ ഈ വർഷത്തെ ചെമ്മീൻ മത്സ്യബന്ധന സീസണിന് മികച്ച തുടക്കം. ആഗസ്റ്റ് ഒന്നിന് ആരംഭിച്ച സീസണിന്റെ ആദ്യ രണ്ട് ദിവസത്തിനിടെ രാജ്യത്തെ വിപണികളിലേക്ക് 13.8 ടൺ പ്രാദേശിക ചെമ്മീൻ എത്തിച്ചതായി കുവൈത്ത് മത്സ്യത്തൊഴിലാളി യൂണിയൻ അറിയിച്ചു.

## Article Content

കുവൈത്ത് സിറ്റി: കുവൈത്തിലെ ഈ വർഷത്തെ ചെമ്മീൻ മത്സ്യബന്ധന സീസണിന് മികച്ച തുടക്കം. ആഗസ്റ്റ് ഒന്നിന് ആരംഭിച്ച സീസണിന്റെ ആദ്യ രണ്ട് ദിവസത്തിനിടെ രാജ്യത്തെ വിപണികളിലേക്ക് 13.8 ടൺ പ്രാദേശിക ചെമ്മീൻ എത്തിച്ചതായി കുവൈത്ത് മത്സ്യത്തൊഴിലാളി യൂണിയൻ അറിയിച്ചു.

കൂടുതൽ ബോട്ടുകൾ മത്സ്യബന്ധനത്തിനിറങ്ങുന്നതോടെ അടുത്ത ദിവസങ്ങളിൽ പ്രതിദിന വിതരണം 20 ടണ്ണിനടുത്ത് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് യൂണിയൻ പ്രസിഡന്റ് അബ്ദുള്ള അൽ സർഹീദ് പറഞ്ഞു.

സീസൺ ആരംഭത്തോടെ പ്രാദേശികമായി ഏറെ പ്രിയപ്പെട്ട ‘ഉം നഈറ’ ഇനത്തിലെ ചെമ്മീൻ വീണ്ടും വിപണിയിലെത്തി. ആദ്യ ദിവസം 600 കുട്ട ചെമ്മീനാണ് വിപണിയിലെത്തിയത്. ഇതിൽ 500 കുട്ട അൽകൂത്ത് മത്സ്യ മാർക്കറ്റിലേക്കും 100 കുട്ട ശർഖ് മത്സ്യ മാർക്കറ്റിലേക്കുമാണ് എത്തിച്ചത്.

രണ്ടാം ദിവസം 442 കുട്ട കൂടി എത്തിയതോടെ ആദ്യ രണ്ട് ദിവസങ്ങളിലെ മൊത്തം വിതരണം 13.8 ടണ്ണായി ഉയർന്നു.വർഷത്തിന്റെ രണ്ടാം പകുതിയിൽ മീഡ്, സുബൈദി, ചെമ്മീൻ എന്നീ മൂന്ന് പ്രധാന മത്സ്യബന്ധന സീസണുകളാണ് നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവിൽ പ്രാദേശിക ‘ഉം നഈറ’ ചെമ്മീനിന്റെ ഒരു കുട്ടയ്ക്ക് 33 മുതൽ 40 കുവൈത്ത് ദിനാർ വരെയാണ് വില. മറ്റ് ഇനങ്ങളിലും വിലയിൽ വ്യത്യാസമുണ്ട്. മീഡ് മത്സ്യത്തിന്റെ കുട്ടയ്ക്ക് 75 മുതൽ 160 ദിനാർ വരെയും സുബൈദിയുടെ കുട്ടയ്ക്ക് 70 മുതൽ 100 ദിനാർ വരെയുമാണ്.

അതേസമയം സുബൈദി മത്സ്യത്തിന്റെ കിലോവില 24 ദിനാറിൽ നിന്ന് ഏകദേശം ഒമ്പത് ദിനാറായി കുറഞ്ഞതായും യൂണിയൻ അറിയിച്ചു.

പ്രാദേശിക ഉൽപാദനത്തിനൊപ്പം ഇറക്കുമതി ചെയ്യുന്ന മത്സ്യവും ആവശ്യത്തിന് ലഭ്യമാകുന്നതിനാൽ രാജ്യത്തെ മത്സ്യലഭ്യതയിൽ ആശങ്കയില്ലെന്ന് യൂണിയൻ വ്യക്തമാക്കി. ആഭ്യന്തര വിപണിയുടെ ആവശ്യങ്ങൾ നിറവേറ്റാൻ ആവശ്യമായ വിതരണം ഉറപ്പാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

സീസൺ ആരംഭിച്ചതോടെ മത്സ്യപ്രേമികൾക്കും ഹോട്ടലുകൾക്കും വലിയ ആശ്വാസമായിട്ടുണ്ട്. അടുത്ത ആഴ്ചകളിൽ ബോട്ടുകളുടെ എണ്ണം കൂടുന്നതോടെ വിലയിൽ കൂടുതൽ കുറവ് പ്രതീക്ഷിക്കാമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/376850/kuwait-shrimp-fishing-season-2025-starts-13-8-tons)