---
title: "ജാഗ്രതാ നിർദേശം, ഒമാനിൽ കനത്ത മഴയും റോഡുകളിൽ വെള്ളക്കെട്ടും; വാദികൾ കവിഞ്ഞൊഴുകുന്നു"
english_title: "Heavy Rain Hits Buraimi Governorate in Oman, Wadis Flooded and Roads Blocked"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/376767/oman-buraimi-heavy-rain-wadi-flood-road-blocked"
published_at: "2026-08-05T12:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a72e02fd8933_oman-buraimi-heavy-rain-wadi-flood-road-blocked.jpg"
keywords: ["Oman Weather", "Oman Rain", "Wadi Flood", "Oman Ministry"]
---

# ജാഗ്രതാ നിർദേശം, ഒമാനിൽ കനത്ത മഴയും റോഡുകളിൽ വെള്ളക്കെട്ടും; വാദികൾ കവിഞ്ഞൊഴുകുന്നു

> **Lead Summary:** ബുറൈമി: ഒമാനിലെ ബുറൈമി ഗവർണറേറ്റിലെ വിവിധ പ്രദേശങ്ങളിൽ കനത്ത മഴ ലഭിച്ചു. ഇതേ തുടർന്ന് നിരവധി വാദികളിലും അരുവികളിലും ശക്തമായ മഴവെള്ളപ്പാച്ചിലുണ്ടായി. ചിലയിടങ്ങളിൽ റോഡ് ഗതാഗതവും തടസ്സപ്പെട്ടു.

## Article Content

ബുറൈമി: ഒമാനിലെ ബുറൈമി ഗവർണറേറ്റിലെ വിവിധ പ്രദേശങ്ങളിൽ കനത്ത മഴ ലഭിച്ചു. ഇതേ തുടർന്ന് നിരവധി വാദികളിലും അരുവികളിലും ശക്തമായ മഴവെള്ളപ്പാച്ചിലുണ്ടായി. ചിലയിടങ്ങളിൽ റോഡ് ഗതാഗതവും തടസ്സപ്പെട്ടു.

മഹ്ദാ വിലായത്തിലെ അർ റൗദ, അൽ ജുവൈഫ്, അൽ ഖദ്റാ, അൽ ഖത്വ എന്നീ പ്രദേശങ്ങളിലാണ് ഏറ്റവും ശക്തമായ മഴ രേഖപ്പെടുത്തിയത്. ആലിപ്പഴവർഷത്തോട് കൂടിയായിരുന്നു ഇവിടങ്ങളിലെ മഴ. ഇതോടെ അൽ ഖത്വ, അൽ ജുവൈഫ് വാദികളിലൂടെ ശക്തമായി വെള്ളം ഒഴുകി.

വെള്ളപ്പാച്ചിലിനെ തുടർന്ന് മഹ്ദാ-ഹുമൈദ റോഡിലെ ഗതാഗതം താൽക്കാലികമായി നിർത്തിവച്ചു. വെള്ളം ഇറങ്ങുന്നത് വരെ വാഹനങ്ങൾക്ക് ഈ വഴി ഉപയോഗിക്കാൻ കഴിയില്ലെന്ന് അധികൃതർ അറിയിച്ചു.

അൽ ഹരീം, സുകൂദി വാദികളിലും സമീപത്തെ ചെറുചാലുകളിലും കനത്ത മഴവെള്ളപ്പാച്ചിൽ റിപ്പോർട്ട് ചെയ്തു. സാഹചര്യം വിലയിരുത്തുന്നതിനായി സിവിൽ ഡിഫൻസ് സംഘങ്ങൾ വിവിധ പ്രദേശങ്ങളിൽ ജാഗ്രതാ നിരീക്ഷണം നടത്തുന്നുണ്ട്.

വെള്ളം ഒഴുകുന്ന വാദികളും വെള്ളക്കെട്ടുള്ള റോഡുകളും മുറിച്ചുകടക്കുന്നത് ഒഴിവാക്കണമെന്ന് പൊതുജനങ്ങളോട് അധികൃതർ നിർദേശിച്ചു. കുട്ടികളെ വാദികളുടെ സമീപത്തേക്ക് വിടരുതെന്നും ജാഗ്രത പാലിക്കണമെന്നും അറിയിപ്പിൽ പറയുന്നു.

**രാജ്യത്ത് ഏറ്റവും കൂടുതൽ മഴ അൽ ഹംറയിൽ**

ഓഗസ്റ്റ് രണ്ട്, മൂന്ന് തീയതികളിൽ രാജ്യത്ത് ഏറ്റവും കൂടുതൽ മഴ ലഭിച്ചത് അൽ ഹംറ വിലായത്തിലാണെന്ന് കാര്‍ഷിക, ഫിഷറീസ്, ജലവിഭവ മന്ത്രാലയം അറിയിച്ചു. ഇവിടെ 28 മില്ലീമീറ്റർ മഴ രേഖപ്പെടുത്തി.

സലാലയിൽ 25 മില്ലീമീറ്ററും, വാദി ബനീ ഖാലിദിൽ 19 മില്ലീമീറ്ററും മഴ ലഭിച്ചു.ഇതുകൂടാതെ രാജ്യത്തെ വിവിധ വിലായത്തുകളിലും വ്യത്യസ്ത അളവിൽ മഴ ലഭിച്ചതായി മന്ത്രാലയം വ്യക്തമാക്കി. വരും ദിവസങ്ങളിലും ചില ഭാഗങ്ങളിൽ മഴ തുടരാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത തുടരണമെന്ന് മുന്നറിയിപ്പുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/376767/oman-buraimi-heavy-rain-wadi-flood-road-blocked)