---
title: "'സഹോദരാ, ഞാൻ...' പകുതിക്കുവെച്ച് ഫോൺ കട്ടായി; മൂന്ന് സെക്കൻഡിൽ ലൊക്കേഷൻ പിടിച്ച് ദുബായ് പോലീസ്, മരുഭൂമിയിൽ നിന്ന് യുവതിക്ക് രക്ഷ"
english_title: "Dubai Police Save Woman Life In 3 Seconds Emergency Call Response"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/376560/dubai-police-save-woman-emergency-call-location"
published_at: "2026-08-04T13:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a71a1552574a_dubai-police-save-woman-emergency-call-location.jpg"
keywords: ["Dubai Police", "Emergency Response", "Nad Al Sheba", "Life Saving"]
---

# 'സഹോദരാ, ഞാൻ...' പകുതിക്കുവെച്ച് ഫോൺ കട്ടായി; മൂന്ന് സെക്കൻഡിൽ ലൊക്കേഷൻ പിടിച്ച് ദുബായ് പോലീസ്, മരുഭൂമിയിൽ നിന്ന് യുവതിക്ക് രക്ഷ

> **Lead Summary:** > **ദുബായ്: ** പുലർച്ചെ 3:30. ദുബായ് പോലീസിന്റെ ഓപ്പറേഷൻസ് റൂമിലേക്ക് ഒരു അടിയന്തര കോൾ എത്തുന്നു. "സഹോദരാ, ഞാൻ ആ ഇന്റർസെക്ഷനിലുണ്ട്..." അറബിയിലുള്ള ആ വാക്കുകൾ പൂർത്തിയാകും മുമ്പേ അപ്പുറത്ത് ശബ്ദം നിലച്ചു! പിന്നീട് ഒരു ചെറിയ മൂളൽ മാത്രം... തുടർന്ന് പൂർണ നിശ്ശബ്ദത.

## Article Content

> **ദുബായ്: ** പുലർച്ചെ 3:30. ദുബായ് പോലീസിന്റെ ഓപ്പറേഷൻസ് റൂമിലേക്ക് ഒരു അടിയന്തര കോൾ എത്തുന്നു. "സഹോദരാ, ഞാൻ ആ ഇന്റർസെക്ഷനിലുണ്ട്..." അറബിയിലുള്ള ആ വാക്കുകൾ പൂർത്തിയാകും മുമ്പേ അപ്പുറത്ത് ശബ്ദം നിലച്ചു! പിന്നീട് ഒരു ചെറിയ മൂളൽ മാത്രം... തുടർന്ന് പൂർണ നിശ്ശബ്ദത.

എന്നാൽ, തൊട്ടടുത്ത സെക്കൻഡുകളിൽ ദുബായ് പോലീസ് കാട്ടിയ മിടുക്കും സമയോചിതമായ ഇടപെടലുമാണ് അബോധാവസ്ഥയിലായ ഒരു യുവതിയെ മരണമുഖത്തുനിന്ന് ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്.

കോൾ ലഭിച്ച് വെറും മൂന്ന് സെക്കൻഡിനുള്ളിൽ തന്നെ അപകടസാധ്യത മനസ്സിലാക്കിയ കോൾ ഹാൻഡ്‌ലർ, പോലീസിന്റെ അഡ്വാൻസ്ഡ് 'എമർജൻസി കോൾ ലൊക്കേഷൻ സിസ്റ്റം' വഴി ഫോൺ ലൊക്കേഷൻ ട്രാക്ക് ചെയ്തു. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിന് സമീപമുള്ള 'നാദ് അൽ ഷെബ' മേഖലയിലാണ് ഫോണുള്ളതെന്ന് കണ്ടെത്തിയതോടെ, പരിസരത്തുണ്ടായിരുന്ന മുഴുവൻ പട്രോളിംഗ് സംഘങ്ങൾക്കും നിർദ്ദേശം കൈമാറി.

റോഡിന് പുറത്തുള്ള മണൽനിറഞ്ഞ വിജനമായ പ്രദേശത്ത് നിർത്തിയിട്ടിരുന്ന ഒരു കാറാണ് പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. അടച്ചിട്ട കാറിന്റെ ജനലിൽ പോലീസ് മുട്ടുമ്പോൾ, വിച്ഛേദിക്കാത്ത ഫോൺ കോളിലൂടെ ആ ശബ്ദം ഓപ്പറേഷൻസ് റൂമിലെ ഹാൻഡ്‌ലർ കേൾക്കുന്നുണ്ടായിരുന്നു. പരിശോധനയിൽ കാറിനുള്ളിൽ യുവതി അബോധാവസ്ഥയിലാണെന്ന് കണ്ടെത്തി.

> ഉടൻതന്നെ വാഹനം തുറന്ന് പുറത്തെടുത്ത യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് വൻതോതിൽ താഴ്ന്നുപോയതാണ് (Hypoglycemia) യുവതി അബോധാവസ്ഥയിലാകാൻ കാരണമായതെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. "നിങ്ങൾ ഇത്ര വേഗത്തിൽ എത്തിയില്ലായിരുന്നെങ്കിൽ എന്റെ ജീവൻ നഷ്ടപ്പെടുമായിരുന്നു..." - ആശുപത്രിയിൽ സുഖം പ്രാപിച്ച ശേഷം യുവതി പോലീസിനോട് നന്ദിയോടെ പറഞ്ഞു.

ദുബായ് പോലീസ് ലെഫ്റ്റനന്റ് ജനറൽ ധാഹി ഖൽഫാൻ തമീം നേരിട്ട് വിളിച്ച് യുവതിയുടെ സുഖവിവരങ്ങൾ അന്വേഷിച്ചു. അദ്ദേഹത്തിന്റെ 'ഓപ്പറേഷൻസ് മാനേജ്‌മെന്റ് ഇൻ ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്സ്' എന്ന പുസ്തകത്തിലാണ് സങ്കീർണ്ണമായ ഈ രക്ഷാപ്രവർത്തനത്തെക്കുറിച്ച് വിവരിച്ചിരിക്കുന്നത്.

ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുള്ളവർ ദുബായ് പോലീസിന്റെ 'ക്രിട്ടിക്കൽ മെഡിക്കൽ കേസസ്' (Critical Medical Cases) പ്രോഗ്രാമിൽ വിവരങ്ങൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്ന് അധികൃതർ വീണ്ടും ഓർമ്മിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/376560/dubai-police-save-woman-emergency-call-location)