---
title: "പ്രവാസികളേ അറിഞ്ഞില്ലേ ...? ദുബൈയിൽ പുതിയ താമസ നിയമം; ഷെയറിംഗിനും ബെഡ്‌സ്‌പേസിനും ഔദ്യോഗിക അനുമതി നിർബന്ധം"
english_title: "Dubai New Housing Law Permission Mandatory For Sharing Bedspace"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/376156/dubai-new-housing-law-sharing-bedspace-permission"
published_at: "2026-08-02T12:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6ef158e2411_dubai-new-housing-law-sharing-bedspace-permission.jpg"
keywords: ["Dubai", "Expats", "Housing Law", "Bedspace"]
---

# പ്രവാസികളേ അറിഞ്ഞില്ലേ ...? ദുബൈയിൽ പുതിയ താമസ നിയമം; ഷെയറിംഗിനും ബെഡ്‌സ്‌പേസിനും ഔദ്യോഗിക അനുമതി നിർബന്ധം

> **Lead Summary:** **ദുബൈ:** ദുബൈയിൽ പ്രവാസികൾക്ക് തിരിച്ചടിയായി പുതിയ താമസ നിയമം പ്രാബല്യത്തിൽ. ഫ്ലാറ്റുകൾ ഷെയർ ചെയ്തും ബെഡ്‌സ്‌പേസ് എടുത്തും ജീവിതച്ചെലവ് കുറയ്ക്കാൻ ശ്രമിച്ചിരുന്നവർക്കാണ് ഇത് ഏറ്റവും കൂടുതൽ ബാധിക്കുക. ഇനിമുതൽ പങ്കുവെച്ചുള്ള താമസത്തിന് സർക്കാരിന്റെയും ഫ്ലാറ്റ് ഉടമകളുടെയും ഔദ്യോഗിക അനുമതി നിർബന്ധമാണ്.

## Article Content

**ദുബൈ:** ദുബൈയിൽ പ്രവാസികൾക്ക് തിരിച്ചടിയായി പുതിയ താമസ നിയമം പ്രാബല്യത്തിൽ. ഫ്ലാറ്റുകൾ ഷെയർ ചെയ്തും ബെഡ്‌സ്‌പേസ് എടുത്തും ജീവിതച്ചെലവ് കുറയ്ക്കാൻ ശ്രമിച്ചിരുന്നവർക്കാണ് ഇത് ഏറ്റവും കൂടുതൽ ബാധിക്കുക. ഇനിമുതൽ പങ്കുവെച്ചുള്ള താമസത്തിന് സർക്കാരിന്റെയും ഫ്ലാറ്റ് ഉടമകളുടെയും ഔദ്യോഗിക അനുമതി നിർബന്ധമാണ്.

നിയമവിരുദ്ധമായ ബെഡ്‌സ്‌പേസുകൾ, അനധികൃത പങ്കുവയ്ക്കലുകൾ, കെട്ടിടങ്ങളിൽ ആളുകളെ കുത്തിനിറച്ചുള്ള താമസം എന്നിവ പൂർണമായും തടയാനാണ് അധികൃതരുടെ ലക്ഷ്യം. പങ്കുവെച്ചുള്ള താമസം പൂർണമായി നിരോധിച്ചിട്ടില്ല. എന്നാൽ നിയമപരമായ ചട്ടക്കൂടിനുള്ളിൽ മാത്രമേ ഇത് അനുവദിക്കൂ. കെട്ടിട ഉടമകൾക്കോ ലൈസൻസുള്ള ഏജൻസികൾക്കോ മാത്രമേ ഇത്തരം സൗകര്യങ്ങൾ നൽകാൻ അനുവാദമുള്ളൂ. ഇതിനായി ദുബൈ മുനിസിപ്പാലിറ്റിയുടെയും ദുബൈ ലാൻഡ് ഡിപ്പാർട്ട്മെന്റിന്റെയും പ്രത്യേക പെർമിറ്റ് നേടിയിരിക്കണം.

വാടകക്കാരൻ സ്വന്തം ഇഷ്ടപ്രകാരം മറ്റൊരാൾക്ക് മുറിയോ ബെഡ്‌സ്‌പേസോ മറിച്ചു നൽകുന്ന സബ് ലെറ്റിങ്ങിന് പുതിയ നിയമപ്രകാരം പൂർണ നിരോധനമുണ്ട്. ഒരു ഫ്ലാറ്റ് വാടകയ്ക്കെടുത്ത ആൾക്ക്, കെട്ടിട ഉടമയുടെ രേഖാമൂലമുള്ള സമ്മതപത്രമില്ലാതെ മറ്റൊരാളെ കൂടെ താമസിപ്പിക്കാനോ വാടക ഈടാക്കാനോ കഴിയില്ല. മൂലക്കരാറിൽ തന്നെ സബ് ലെറ്റിങ്ങിന് അനുമതിയുണ്ടെങ്കിൽ മാത്രമേ ഇത് സാധ്യമാകൂ.കരാർ ലംഘിച്ച് ആളുകളെ താമസിപ്പിച്ചാൽ വാടകക്കാരനെ ഒഴിപ്പിക്കാനും നിയമനടപടി സ്വീകരിക്കാനും ഉടമകൾക്ക് അധികാരമുണ്ടാകും. 

താമസക്കാരുടെ എണ്ണത്തിനും കൃത്യമായ പരിധിയുണ്ട്. ഓരോ മുറിയിലും താമസിക്കാവുന്ന ആളുകളുടെ എണ്ണം നിശ്ചയിക്കും. ഫ്ലാറ്റുകൾക്കുള്ളിൽ ബോർഡുകളോ തടസ്സങ്ങളോ വെച്ച് താൽക്കാലികമായി നിർമിക്കുന്ന മുറികൾ പൂർണമായും നിരോധിച്ചു. തീപിടിത്ത സുരക്ഷ, ശുചിത്വം, കാറ്റും വെളിച്ചവും ഉറപ്പാക്കൽ തുടങ്ങിയ മാനദണ്ഡങ്ങൾ പാലിക്കുന്ന കെട്ടിടങ്ങൾക്ക് മാത്രമേ ഒരു വർഷത്തെയോ രണ്ട് വർഷത്തെയോ പെർമിറ്റ് ലഭിക്കൂ.കനത്ത പിഴ

അനധികൃത ബെഡ്‌സ്‌പേസ് പരസ്യങ്ങൾ നൽകുന്നവർക്കും നിയമം ലംഘിച്ച് ആളുകളെ താമസിപ്പിക്കുന്നവർക്കും എതിരെ ശക്തമായ നടപടിയുണ്ടാകും. ലംഘനത്തിന്റെ തോതനുസരിച്ച് 5 ലക്ഷം ദിർഹം വരെ പിഴ ചുമത്താം.ചട്ടങ്ങൾ ലംഘിക്കുന്ന കെട്ടിടങ്ങളുടെ ലൈസൻസ് റദ്ദാക്കാനും സാധ്യതയുണ്ട്.

വാടക ഉയർന്നതോടെ ഷെയറിംഗ്, ബെഡ്‌സ്‌പേസ് എന്നിവയെ ആശ്രയിച്ചാണ് നിരവധി പ്രവാസികൾ ദുബൈയിൽ താമസിക്കുന്നത്. പുതിയ നിയമം വന്നതോടെ ഇവർക്ക് വാടകച്ചെലവ് വലിയ രീതിയിൽ കൂടാൻ സാധ്യതയുണ്ട്. അനധികൃത താമസം അവസാനിപ്പിച്ച് സുരക്ഷിതവും നിയമപരവുമായ താമസം ഉറപ്പാക്കുകയാണ് നിയമത്തിന്റെ ലക്ഷ്യമെന്ന് അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/376156/dubai-new-housing-law-sharing-bedspace-permission)