---
title: "സൗദിയിൽ നിയമലംഘകർക്കെതിരെ കർശന നടപടി; ഒരാഴ്ചയിൽ 12,600 പേരെ നാടുകടത്തി"
english_title: "Saudi Arabia Deports 12600 Violators In One Week Crackdown"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/376154/saudi-arabia-deports-12600-illegal-residents"
published_at: "2026-08-02T12:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6eefc583bec_saudi-arabia-deports-12600-illegal-residents.jpg"
keywords: ["Saudi Arabia", "Riyadh", "Iqama", "Deportation"]
---

# സൗദിയിൽ നിയമലംഘകർക്കെതിരെ കർശന നടപടി; ഒരാഴ്ചയിൽ 12,600 പേരെ നാടുകടത്തി

> **Lead Summary:** **റിയാദ്: **സൗദി അറേബ്യയിൽ താമസ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ച് കഴിയുന്നവർക്കെതിരെ ആഭ്യന്തര മന്ത്രാലയം കർശന പരിശോധന ശക്തമാക്കി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 12,600 പേരെ നാടുകടത്തി. ജൂലൈ 23 മുതൽ 29 വരെയുള്ള കണക്കുകളാണ് അധികൃതർ പുറത്തുവിട്ടത്.

## Article Content

**റിയാദ്: **സൗദി അറേബ്യയിൽ താമസ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ച് കഴിയുന്നവർക്കെതിരെ ആഭ്യന്തര മന്ത്രാലയം കർശന പരിശോധന ശക്തമാക്കി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 12,600 പേരെ നാടുകടത്തി. ജൂലൈ 23 മുതൽ 29 വരെയുള്ള കണക്കുകളാണ് അധികൃതർ പുറത്തുവിട്ടത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ 14,154 നിയമലംഘകരെയാണ് സുരക്ഷാസേന പിടികൂടിയത്. ഇഖാമ നിയമം, തൊഴിൽ നിയമം, അതിർത്തി സുരക്ഷാ നിയമം എന്നിവ ലംഘിച്ചവരാണ് പിടിയിലായവരിൽ അധികവും. പിടിയിലായവരിൽ തൊഴിൽ വിസ ഇല്ലാതെ ജോലി ചെയ്യുന്നവർ, വിസ കാലാവധി കഴിഞ്ഞിട്ടും താമസിക്കുന്നവർ, നിയമവിരുദ്ധമായി അതിർത്തി കടന്നെത്തിയവർ എന്നിവരും ഉൾപ്പെടുന്നു.

പരിശോധനയിൽ പിടിയിലായവരിൽ 12,600 പേരെ ഇതിനകം തന്നെ സ്വന്തം രാജ്യങ്ങളിലേക്ക് നാടുകടത്തി. ശേഷിക്കുന്നവരുടെ നാടുകടത്തൽ നടപടികൾ പുരോഗമിക്കുകയാണ്. നിയമലംഘകരെ കണ്ടെത്തുന്നതിനായി റോഡുകൾ, തൊഴിൽ സ്ഥലങ്ങൾ, ജനവാസ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ വ്യാപക പരിശോധനയാണ് നടക്കുന്നത്.  

നിയമലംഘകരെ സഹായിക്കുന്നവർക്കും താമസം നൽകുന്നവർക്കും ജോലി നൽകുന്നവർക്കും കർശന ശിക്ഷ ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. 15 വർഷം വരെ തടവും 10 ലക്ഷം റിയാൽ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. നിയമലംഘകരെക്കുറിച്ച് വിവരം നൽകാൻ 911, 999 എന്നീ നമ്പറുകളിൽ ബന്ധപ്പെടാമെന്നും അധികൃതർ അറിയിച്ചു.

സൗദിയിൽ നിയമാനുസൃതമായി താമസിക്കുന്ന പ്രവാസികൾ ഇഖാമ, തൊഴിൽ രേഖകൾ കൃത്യമായി കൈവശം വെക്കണമെന്ന് അധികൃതർ നിർദേശിച്ചു. രേഖകൾ പരിശോധനയ്ക്ക് ഹാജരാക്കാൻ തയ്യാറാകണമെന്നും ആവശ്യപ്പെട്ടു. രാജ്യത്ത് നിയമവിരുദ്ധമായി താമസിക്കുന്നവർ സ്വയം കീഴടങ്ങി നാട്ടിലേക്ക് മടങ്ങാനുള്ള സൗകര്യം സർക്കാർ നൽകുന്നുണ്ടെന്ന് എംബസികൾ അറിയിച്ചു. നിയമലംഘനങ്ങൾ തടയുന്നതിന്റെ ഭാഗമായി ഇത്തരം പരിശോധനകൾ തുടർന്നും ശക്തമാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/376154/saudi-arabia-deports-12600-illegal-residents)