---
title: "സി.സി.ടി.വി ദൃശ്യങ്ങൾ തെളിവായി; ഷാർജയിൽ 75,000 ദിർഹം മോഷ്ടിച്ചയാൾക്ക് തടവുശിക്ഷയും നാടുകടത്തലും"
english_title: "Sharjah Court Sentences Man to 1 Year Jail and Deportation for Stealing 75,000 Dirhams"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/375879/sharjah-theft-case-75000-dirham-jail-deportation"
published_at: "2026-08-01T09:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6d6ee42ead6_sharjah-theft-case-75000-dirham-jail-deportation.jpg"
keywords: ["Theft", "Crime", "Court Verdict", "Sharjah Misdemeanors Court", "Sharjah"]
---

# സി.സി.ടി.വി ദൃശ്യങ്ങൾ തെളിവായി; ഷാർജയിൽ 75,000 ദിർഹം മോഷ്ടിച്ചയാൾക്ക് തടവുശിക്ഷയും നാടുകടത്തലും

> **Lead Summary:** ഷാർജ: താമസസ്ഥലത്ത് നിന്ന് 75,000 ദിർഹം മോഷ്ടിക്കുകയും മറ്റൊരു മോഷണത്തിന് ശ്രമിക്കുകയും ചെയ്ത കേസിലെ പ്രതിക്ക് ഷാർജ മിസ്ഡിമീനേഴ്സ് കോടതി ഒരു വർഷം തടവും നാടുകടത്തലും വിധിച്ചു.

## Article Content

ഷാർജ: താമസസ്ഥലത്ത് നിന്ന് 75,000 ദിർഹം മോഷ്ടിക്കുകയും മറ്റൊരു മോഷണത്തിന് ശ്രമിക്കുകയും ചെയ്ത കേസിലെ പ്രതിക്ക് ഷാർജ മിസ്ഡിമീനേഴ്സ് കോടതി ഒരു വർഷം തടവും നാടുകടത്തലും വിധിച്ചു.

മോഷണക്കേസിൽ ആറ് മാസവും മോഷണശ്രമത്തിന് ആറ് മാസവും വീതമാണ് തടവുശിക്ഷ. ഒരു വർഷത്തെ തടവുശിക്ഷ പൂർത്തിയാക്കിയ ശേഷം പ്രതിയെ യുഎഇയിൽ നിന്ന് നാടുകടത്താനും കോടതി ഉത്തരവിട്ടു.

മറ്റുള്ളവർക്കൊപ്പം ഒരുമിച്ച് താമസിക്കുന്ന മുറിയിൽ സൂക്ഷിച്ചിരുന്ന 75,000 ദിർഹം കാണാതായതിനെ തുടർന്ന് ഒരു താമസക്കാരൻ നൽകിയ പരാതിയിലാണ് കേസിന്റെ തുടക്കം.  

പണം കാണാതായതോടെ മോഷ്ടാവിനെ കണ്ടെത്താൻ പരാതിക്കാരൻ കെട്ടിടത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. ഈ പരിശോധനയിൽ ഇതേ കെട്ടിടത്തിലെ മറ്റൊരു താമസക്കാരൻ മറ്റൊരു മുറിയിൽ കയറി മോഷണം നടത്താൻ ശ്രമിക്കുന്നത് ദൃശ്യങ്ങളിൽ പതിഞ്ഞത് സംശയം വർധിപ്പിച്ചു.

തുടർന്ന് സിസിടിവി ദൃശ്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറി. നടത്തിയ അന്വേഷണത്തിൽ 75,000 ദിർഹം മോഷ്ടിച്ചതിലും കാമറയിൽ പതിഞ്ഞ മോഷണശ്രമത്തിലും ഇയാൾക്ക് പങ്കുണ്ടെന്ന് വ്യക്തമായി.

വിചാരണ വേളയിൽ പ്രതി കുറ്റം നിഷേധിച്ചെങ്കിലും തെളിവുകൾ പരിശോധിച്ച കോടതി മോഷണവും മോഷണശ്രമവും നടത്തിയ കുറ്റത്തിൽ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തി. തുടർന്നാണ് ഒരു വർഷം തടവും ശിക്ഷക്ക് ശേഷം രാജ്യത്തുനിന്ന് നാടുകടത്താനും കോടതി വിധിച്ചത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/375879/sharjah-theft-case-75000-dirham-jail-deportation)