---
title: "ഇരകളാകരുത് ....! ജോലി വാഗ്ദാനങ്ങളുടെ മറവിൽ മനുഷ്യക്കടത്ത്‌ സജീവം; മുന്നറിയിപ്പുമായി ഒമാൻ"
english_title: "Oman Warns Against Fake Job Offers Used for Human Trafficking and Cyber Crimes"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/375785/oman-warning-fake-job-offers-human-trafficking"
published_at: "2026-07-31T16:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6c7d783eea5_oman-warning-fake-job-offers-human-trafficking.jpg"
keywords: ["Human Trafficking", "Fake Job Offers", "Cyber Crime", "Oman Foreign Ministry", "Royal Oman Police"]
---

# ഇരകളാകരുത് ....! ജോലി വാഗ്ദാനങ്ങളുടെ മറവിൽ മനുഷ്യക്കടത്ത്‌ സജീവം; മുന്നറിയിപ്പുമായി ഒമാൻ

> **Lead Summary:** മസ്‌കത്ത്‌ : ഇരകളെ നിർബന്ധിത ജോലിയിലേക്കും സൈബർ കുറ്റകൃത്യങ്ങളിലേക്കും ചൂഷണങ്ങളിലേക്കും ആകർഷിക്കാൻ മനുഷ്യക്കടത്ത് ശൃംഖലകൾ വ്യാജ വിദേശജോലി വാഗ്ദാനങ്ങൾ കൂടുതലായി ഉപയോഗിക്കുന്നുണ്ടെന്ന് ഒമാൻ മുന്നറിയിപ്പ് നൽകി. ജൂലൈ 30ന് ലോക മനുഷ്യക്കടത്ത് വിരുദ്ധദിനം ആചരിക്കാനിരിക്കെയാണ്‌ ക്രിമിനൽ ശൃംഖലകൾ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾവഴി അവിശ്വസനീയമായ തൊഴിൽ വാഗ്‍ദാനം നൽകി ഉദ്യോഗാർഥികളെ വഞ്ചിക്കുന്ന സംഭവങ്ങൾ വർധിക്കുന്നതായി അധികൃതർ അറിയിച്ചത്‌.

## Article Content

മസ്‌കത്ത്‌ : ഇരകളെ നിർബന്ധിത ജോലിയിലേക്കും സൈബർ കുറ്റകൃത്യങ്ങളിലേക്കും ചൂഷണങ്ങളിലേക്കും ആകർഷിക്കാൻ മനുഷ്യക്കടത്ത് ശൃംഖലകൾ വ്യാജ വിദേശജോലി വാഗ്ദാനങ്ങൾ കൂടുതലായി ഉപയോഗിക്കുന്നുണ്ടെന്ന് ഒമാൻ മുന്നറിയിപ്പ് നൽകി. ജൂലൈ 30ന് ലോക മനുഷ്യക്കടത്ത് വിരുദ്ധദിനം ആചരിക്കാനിരിക്കെയാണ്‌ ക്രിമിനൽ ശൃംഖലകൾ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾവഴി അവിശ്വസനീയമായ തൊഴിൽ വാഗ്‍ദാനം നൽകി ഉദ്യോഗാർഥികളെ വഞ്ചിക്കുന്ന സംഭവങ്ങൾ വർധിക്കുന്നതായി അധികൃതർ അറിയിച്ചത്‌.

പ്രണയ തട്ടിപ്പുകൾ, ക്രിപ്‌റ്റോകറൻസി തട്ടിപ്പ്, മറ്റ് ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ എന്നിവയുൾപ്പെടെയുള്ള സൈബർ കുറ്റകൃത്യങ്ങളിൽ മനുഷ്യക്കടത്തിന്റെ ഇരകൾ പങ്കെടുക്കാൻ നിർബന്ധിതരാകുന്ന കേസുകളും റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്‌.

തൊഴിലാളികളുടെ അന്തസ്‌ സംരക്ഷിക്കുന്നതിനും ലോകത്തിലെ ഏറ്റവും ഗുരുതരമായ രാജ്യാന്തര കുറ്റകൃത്യങ്ങളിൽ ഒന്നായ മനുഷ്യക്കടത്ത്‌ ചെറുക്കുന്നതിനുമുള്ള കൂട്ടായ പ്രതിബദ്ധത പുതുക്കുന്നതിനുള്ള അവസരമാണ് വാർഷികദിനാചരണമെന്ന്‌ഒമാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ രാഷ്ട്രീയകാര്യ അണ്ടർസെക്രട്ടറിയും മനുഷ്യക്കടത്തിനെതിരെ പോരാടുന്നതിനുള്ള ദേശീയ കമ്മിറ്റി ചെയർമാനുമായ ഷെയ്ഖ് ഖലീഫ അലി അൽ ഹാർത്തി പറഞ്ഞു.

മനുഷ്യക്കടത്ത് നിയമപരലംഘനമെന്നതിലുപരി സ്വാതന്ത്ര്യത്തിനും മൗലികാവകാശങ്ങൾക്കും നേരെയുള്ള നേരിട്ടുള്ള ആക്രമണമാണ്‌. ഇരകളുടെ അവകാശങ്ങൾ സംരക്ഷിക്കാനായി പ്രതിരോധം, സംരക്ഷണം, പ്രോസിക്യൂഷൻ, സ്ഥാപന പങ്കാളിത്തം എന്നിവയെ അടിസ്ഥാനമാക്കിയുള്ള സമഗ്രമായ ഒരു ദേശീയ തന്ത്രമാണ് ഒമാൻ പിന്തുടരുന്നതെന്ന് അൽ ഹാർത്തി പറഞ്ഞു.

ഒമാൻ പുറപ്പെടുവിച്ച മനുഷ്യക്കടത്തിനെതിരെ പോരാടുന്നതിനുള്ള നിയമം, ഇരകൾക്കുള്ള സംരക്ഷണം വിപുലീകരിക്കുന്നതിനൊപ്പം, ഉയർന്നുവരുന്ന കടത്തൽ രൂപങ്ങളെ അഭിസംബോധന ചെയ്യുന്നതിലൂടെ രാജ്യത്തിന്റെ നിയമ ചട്ടക്കൂടിനെ ശക്തിപ്പെടുത്തിയിട്ടുണ്ട്‌.

വ്യാജ പരസ്യങ്ങളിലൂടെ വിദേശത്ത് ആകർഷകമായ ജോലി വാഗ്‍ദാനങ്ങൾ നൽകി ഇരകളെ വലയിലാക്കുന്ന ക്രിമിനൽസംഘങ്ങളെ തടയാൻ അന്താരാഷ്ട്ര സഹകരണം, ഇന്റലിജൻസ് വിവരങ്ങൾ പങ്കിടൽ, അതിർത്തി കടന്നുള്ള ജുഡീഷ്യൽ, സുരക്ഷാ ഏകോപനം എന്നിവ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി പ്രാദേശിക, അന്താരാഷ്ട്ര പങ്കാളികളുമായി അടുത്ത് പ്രവർത്തിക്കാനുള്ള ഒമാന്റെ പ്രതിബദ്ധതയും അദ്ദേഹം എടുത്തുപറഞ്ഞു.

മനുഷ്യക്കടത്തിനെക്കുറിച്ച്‌ അവബോധം വളർത്തുക, സംശയിക്കപ്പെടുന്ന കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് പ്രോത്സാഹിപ്പിക്കുക, നിയമ നിർവഹണ ഏജൻസികളും സമൂഹവും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുക എന്നിവയാണ് വാർഷിക ആചരണത്തിന്റെ ലക്ഷ്യമെന്ന് റോയൽ ഒമാൻ പോലീസിലെ ഇൻക്വയറീസ് ആൻഡ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജമാൽ ഹബീബ് അൽ ഖുറൈഷിയ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/375785/oman-warning-fake-job-offers-human-trafficking)