---
title: "തീപാറുന്ന ചൂടിൽ കുവൈത്ത്: പകലിലും രാത്രിയിലും കനത്ത ജാഗ്രത വേണമെന്ന് കാലാവസ്ഥാ വകുപ്പ്"
english_title: "Kuwait Weather Heat Wave 47C Temperature Forecast"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/375738/kuwait-weather-heat-wave-47c-forecast"
published_at: "2026-07-31T13:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6c60cec129a_kuwait-weather-heat-wave-47c-forecast.jpg"
keywords: ["Kuwait", "Weather", "Heat", "News", "Gulf"]
---

# തീപാറുന്ന ചൂടിൽ കുവൈത്ത്: പകലിലും രാത്രിയിലും കനത്ത ജാഗ്രത വേണമെന്ന് കാലാവസ്ഥാ വകുപ്പ്

> **Lead Summary:** **കുവൈത്ത്**:**[**കുവൈത്തിൽ വരും ദിവസങ്ങളിലും രൂക്ഷമായ ചൂടും ശക്തമായ കാറ്റും തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പകലിനൊപ്പം രാത്രി സമയങ്ങളിലും കനത്ത ചൂടും ഈർപ്പവും അനുഭവപ്പെടുമെന്നാണ് മുന്നറിയിപ്പ്.

## Article Content

**കുവൈത്ത്**:**[**കുവൈത്തിൽ വരും ദിവസങ്ങളിലും രൂക്ഷമായ ചൂടും ശക്തമായ കാറ്റും തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പകലിനൊപ്പം രാത്രി സമയങ്ങളിലും കനത്ത ചൂടും ഈർപ്പവും അനുഭവപ്പെടുമെന്നാണ് മുന്നറിയിപ്പ്.

ഇന്ത്യൻ മൺസൂൺ ന്യൂനമർദ്ദത്തിന്റെ വ്യാപനവും ചൂടുള്ളതും ഈർപ്പമുള്ളതുമായ വായു പ്രവാഹവുമാണ് നിലവിലെ കാലാവസ്ഥയ്ക്ക് കാരണമെന്ന് വകുപ്പിന്റെ ആക്ടിംഗ് ഡയറക്ടർ ധരാർ അൽ അലി വ്യക്തമാക്കി. വെള്ളിയാഴ്ച തീരദേശ മേഖലകളിൽ കടുത്ത ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക.

മണിക്കൂറിൽ 8 മുതൽ 30 കിലോമീറ്റർ വരെ വേഗതയിൽ കാറ്റു വീശാൻ സാധ്യതയുണ്ട്. ചിലയിടങ്ങളിൽ ഉയർന്ന മേഘങ്ങൾ പ്രത്യക്ഷപ്പെട്ടേക്കാം. പരമാവധി താപനില 44 മുതൽ 46 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്തും.

രാത്രിയിലും തീരപ്രദേശങ്ങളിൽ ചൂടും ഈർപ്പവും ഉയർന്ന അളവിൽ തുടരും. കടൽ നേരിയതോ മിതമായതോ ആയിരിക്കുമെന്നും തിരമാലകൾ 1 മുതൽ 4 അടി വരെ ഉയർന്നേക്കാമെന്നും അധികൃതർ അറിയിച്ചു.ശനിയാഴ്ച തീരപ്രദേശങ്ങളിൽ കൂടുതൽ കഠിനമായ ചൂടും ഈർപ്പവുമാണ് പ്രവചിക്കുന്നത്.

തെക്കുകിഴക്കൻ ദിശയിൽ നിന്ന് നേരിയതോ മിതമായതോ ആയ കാറ്റ് വീശുമെങ്കിലും പരമാവധി താപനില 45 മുതൽ 47 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. രാത്രിയിലും ചൂടിന് കുറവുണ്ടാകില്ല. 6 മുതൽ 30 കിലോമീറ്റർ വരെ വേഗതയിൽ കാറ്റു വീശാനും കുറഞ്ഞ താപനില 31 മുതൽ 33 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്താനും സാധ്യതയുണ്ട്.

കനത്ത ചൂടും ഈർപ്പവും കണക്കിലെടുത്ത് പൊതുജനങ്ങൾ നേരിട്ട് വെയിൽ ഏൽക്കുന്നത് പരമാവധി ഒഴിവാക്കണമെന്നും നിർജ്ജലീകരണം തടയാൻ ധാരാളം വെള്ളം കുടിക്കണമെന്നും കാലാവസ്ഥാ വകുപ്പ് നിർദേശിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/375738/kuwait-weather-heat-wave-47c-forecast)