---
title: "യാത്രക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം; യുഎഇയില്‍ നിന്ന് ബഹ്‌റൈന്‍, കുവൈത്ത് വിമാന സര്‍വീസുകള്‍ റദ്ദാക്കി"
english_title: "UAE Flight Cancellations July 31: Etihad, Air Arabia Cancel Bahrain Kuwait Saudi Flights"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/375721/uae-flight-cancellations-july-31-etihad-air-arabia-bahrain-kuwait"
published_at: "2026-07-31T13:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6c505993a9e_uae-flight-cancellations-july-31-etihad-air-arabia-bahrain-kuwait.jpg"
keywords: ["UAE Flights Cancelled", "Etihad Airways", "Air Arabia", "Dubai Airport", "Bahrain Flights", "Kuwait Flights"]
---

# യാത്രക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം; യുഎഇയില്‍ നിന്ന് ബഹ്‌റൈന്‍, കുവൈത്ത് വിമാന സര്‍വീസുകള്‍ റദ്ദാക്കി

> **Lead Summary:** ദുബൈ: പ്രാദേശിക സംഘര്‍ഷാവസ്ഥ തുടരുന്നതിനിടെ യുഎഇയില്‍ നിന്നുള്ള ചില വിമാന സര്‍വീസുകള്‍ റദ്ദാക്കി. എതിഹാദ് എയര്‍വേയ്‌സും എയര്‍ അറേബ്യയും ഇന്ന് (ജൂലൈ 31) ബഹ്‌റൈന്‍, കുവൈത്ത്, സൗദി അറേബ്യ എന്നിവിടങ്ങളിലേക്കുള്ള ഏതാനും സര്‍വീസുകള്‍ റദ്ദാക്കിയതായി അറിയിച്ചു. യാത്രക്കാര്‍ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് സര്‍വീസ് സ്ഥിതി പരിശോധിക്കണമെന്ന് വിമാനക്കമ്പനികള്‍ നിര്‍ദേശിച്ചു.

## Article Content

ദുബൈ: പ്രാദേശിക സംഘര്‍ഷാവസ്ഥ തുടരുന്നതിനിടെ യുഎഇയില്‍ നിന്നുള്ള ചില വിമാന സര്‍വീസുകള്‍ റദ്ദാക്കി. എതിഹാദ് എയര്‍വേയ്‌സും എയര്‍ അറേബ്യയും ഇന്ന് (ജൂലൈ 31) ബഹ്‌റൈന്‍, കുവൈത്ത്, സൗദി അറേബ്യ എന്നിവിടങ്ങളിലേക്കുള്ള ഏതാനും സര്‍വീസുകള്‍ റദ്ദാക്കിയതായി അറിയിച്ചു. യാത്രക്കാര്‍ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് സര്‍വീസ് സ്ഥിതി പരിശോധിക്കണമെന്ന് വിമാനക്കമ്പനികള്‍ നിര്‍ദേശിച്ചു.

**ഇത്തിഹാദ്**

അബൂദബി- ബഹ്‌റൈന്‍ റൂട്ടിലെ സര്‍വീസുകള്‍ക്കു പുറമെ അബൂദബിയില്‍ നിന്ന് കുവൈത്തിലേക്കുള്ള EY653, കുവൈത്തില്‍ നിന്ന് അബൂദബിയിലേക്കുള്ള EY654 സര്‍വീസുകളും ഇത്തിഹാദ് റദ്ദാക്കി. ബാധിക്കപ്പെട്ട യാത്രക്കാര്‍ക്ക് ബദല്‍ യാത്രാ സൗകര്യങ്ങള്‍ ഒരുക്കാന്‍ കമ്പനി നടപടികള്‍ സ്വീകരിക്കുന്നുണ്ട്.

**എയര്‍ അറേബ്യ**

എയര്‍ അറേബ്യയും ഇന്ന് നിരവധി സര്‍വീസുകള്‍ റദ്ദാക്കി. ഷാര്‍ജ- കുവൈത്ത് റൂട്ടിലെ G9068, G9124 സര്‍വീസുകള്‍, ഷാര്‍ജ- ബഹ്‌റൈന്‍ റൂട്ടിലെ G9107, ഷാര്‍ജ- അബ്ഹ റൂട്ടിലെ G9195, അബൂദബി- കുവൈത്ത് റൂട്ടിലെ 3L020 സര്‍വീസുകളാണ് റദ്ദാക്കിയത്.

**മറ്റ് സര്‍വിസുകള്‍**

എമിറേറ്റ്‌സും ഫ്‌ലൈദുബൈയും പ്രധാന സര്‍വീസ് മാറ്റങ്ങളൊന്നും പ്രഖ്യാപിച്ചിട്ടില്ല. നിലവില്‍ ഇവയുടെ സര്‍വീസുകള്‍ സാധാരണ നിലയില്‍ തുടരുകയാണ്. സൗദിയയും ഒക്ടോബര്‍ അവസാനം വരെയുള്ള റദ്ദാക്കലുകളും സമയക്രമത്തിലെ മാറ്റങ്ങളും റിസര്‍വേഷന്‍ സംവിധാനത്തില്‍ പുതുക്കിയതായി അറിയിച്ചു.

ഖത്തര്‍ എയര്‍വേയ്‌സ് ബഹ്‌റൈന്‍, എര്‍ബില്‍, കുവൈത്ത് എന്നിവിടങ്ങളിലേക്കുള്ള യാത്രാ സര്‍വീസുകള്‍ ജൂലൈ 31 വരെ റദ്ദാക്കിയിട്ടുണ്ട്.

ബ്രിട്ടീഷ് എയര്‍വേയ്‌സ് ദുബൈ, ബഹ്‌റൈന്‍, അമ്മാന്‍, ടെല്‍ അവീവ് സര്‍വീസുകള്‍ ഒക്ടോബര്‍ 31 വരെ നിര്‍ത്തിവച്ചിട്ടുണ്ട്. സിംഗപ്പൂര്‍ എയര്‍ലൈന്‍സ്, എയര്‍ കാനഡ, കാതേ പസഫിക്, ഫിന്നെയര്‍, ഐടിഎ എയര്‍വേയ്‌സ് എന്നിവ ദുബൈ സര്‍വീസുകള്‍ ഒക്ടോബര്‍ 24 വരെ നിര്‍ത്തിയിട്ടുണ്ട്.

ലുഫ്താന്‍സയും സ്വിസ് എയര്‍ലൈന്‍സും സെപ്റ്റംബര്‍ 13 വരെ ദുബൈ സര്‍വീസുകള്‍ പുനരാരംഭിക്കില്ല. എജിയന്‍ എയര്‍ലൈന്‍സ്, എയര്‍ അസ്താന എന്നിവ ഓഗസ്റ്റ് 31 വരെ ദുബൈ സര്‍വീസ് നിര്‍ത്തിവച്ചിട്ടുണ്ട്. കെഎല്‍എം ഓഗസ്റ്റ് 23 വരെയും ഫിലിപ്പൈന്‍ എയര്‍ലൈന്‍സ് ഒക്ടോബര്‍ 2 വരെയും ദുബൈ സര്‍വീസുകള്‍ നിര്‍ത്തിയിട്ടുണ്ട്.

**യാത്രക്കാര്‍ക്കുള്ള നിര്‍ദേശം**

യുഎഇയില്‍ നിന്ന് ഇന്ന് യാത്ര ചെയ്യുന്നവര്‍ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് വിമാനത്തിന്റെ നിലവിലെ സ്ഥിതി പരിശോധിക്കണമെന്ന് അധികൃതരും വിമാനക്കമ്പനികളും നിര്‍ദേശിച്ചു. വിമാനക്കമ്പനികളുടെ ഔദ്യോഗിക വെബ്‌സൈറ്റുകളും ആപ്പുകളും പരിശോധിക്കുകയും യാത്രയ്ക്ക് അധിക സമയം അനുവദിക്കുകയും വേണം. മേഖലയില്‍ സുരക്ഷാ സ്ഥിതി അതിവേഗം മാറുന്നതിനാല്‍ വിമാന സര്‍വീസുകളിലും സമയക്രമത്തിലും അവസാന നിമിഷം മാറ്റങ്ങള്‍ ഉണ്ടായേക്കാമെന്നും മുന്നറിയിപ്പുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/375721/uae-flight-cancellations-july-31-etihad-air-arabia-bahrain-kuwait)