---
title: "ഇറാന്‍റെ കടന്നുകയറ്റം പരമാധികാരത്തിന്മേലുള്ള നഗ്നമായ ലംഘനം; കുവൈത്തിന് സമ്പൂർണ്ണ പിന്തുണയുമായി ബഹ്‌റൈൻ"
english_title: "Bahrain Condemns Iran Attack In Kuwait, Extends Full Support"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/375708/bahrain-condemns-iran-attack-kuwait-full-support-"
published_at: "2026-07-31T12:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6c463659502_bahrain-condemns-iran-attack-kuwait-full-support-.jpg"
keywords: ["Bahrain", "Kuwait", "Iran Attack", "Gulf News", "Middle East", "Foreign Ministry", "Solidarity"]
---

# ഇറാന്‍റെ കടന്നുകയറ്റം പരമാധികാരത്തിന്മേലുള്ള നഗ്നമായ ലംഘനം; കുവൈത്തിന് സമ്പൂർണ്ണ പിന്തുണയുമായി ബഹ്‌റൈൻ

> **Lead Summary:** **മനാമ: **കുവൈത്തിലെ ജനവാസ കേന്ദ്രങ്ങൾക്കും സുപ്രധാന സ്ഥാപനങ്ങൾക്കും നേരെ ഇറാൻ നടത്തിയ ഭീകരാക്രമണങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധവുമായി ബഹ്‌റൈൻ രംഗത്ത്. ആക്രമണങ്ങളെ ശക്തമായി അപലപിക്കുന്നതായി ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിലൂടെ വ്യക്തമാക്കി.

## Article Content

**മനാമ: **കുവൈത്തിലെ ജനവാസ കേന്ദ്രങ്ങൾക്കും സുപ്രധാന സ്ഥാപനങ്ങൾക്കും നേരെ ഇറാൻ നടത്തിയ ഭീകരാക്രമണങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധവുമായി ബഹ്‌റൈൻ രംഗത്ത്. ആക്രമണങ്ങളെ ശക്തമായി അപലപിക്കുന്നതായി ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിലൂടെ വ്യക്തമാക്കി.

രാജ്യത്ത് ഒരു ചൈനീസ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ഇത് ഒരു തൊഴിലാളിയുടെ ദാരുണമായ മരണത്തിനും കെട്ടിടത്തിന് ഗുരുതരമായ നാശനഷ്ടങ്ങൾക്കും ഇടയാക്കി. കുവൈത്തിന്റെ പരമാധികാരത്തിന്മേലുള്ള നഗ്നമായ കടന്നുകയറ്റമായാണ് ഈ സംഭവത്തെ കാണുന്നതെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാണിക്കുന്നു.

പ്രതിസന്ധി ഘട്ടത്തിൽ കുവൈത്തുമായി പൂർണ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും, രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും പരമാധികാരവും സംരക്ഷിക്കുന്നതിനായി കുവൈത്ത് ഭരണകൂടം സ്വീകരിക്കുന്ന എല്ലാ നിയമപരമായ നടപടികൾക്കും ബഹ്‌റൈന്റെ പൂർണ്ണ പിന്തുണയുണ്ടാകുമെന്നും അധികൃതർ അറിയിച്ചു.

അതേസമയം ആക്രമണം നടന്നയുടൻ തന്നെ സൈനിക വിഭാഗം ബന്ധപ്പെട്ട അധികാരികളുമായി ഏകോപനം നടത്തി ആവശ്യമായ സുരക്ഷാ നടപടികൾ കൈക്കൊണ്ടുവരികയാണെന്നും, സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും മന്ത്രാലയ വക്താവ് മേജർ ജനറൽ സൗദ് അബ്ദുൽ അസീസ് അൽ ഉതൈബി പറഞ്ഞു.

രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുന്നതിനും സുരക്ഷയും സ്ഥിരതയും നിലനിർത്തുന്നതിനും ഏത് സാഹചര്യത്തെയും നേരിടാൻ സേന സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി. തങ്ങളുടെ കടമകളും ഉത്തരവാദിത്തങ്ങളും ഉയർന്ന കാര്യക്ഷമതയോടെ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/375708/bahrain-condemns-iran-attack-kuwait-full-support-)