---
title: "ബഹ്റൈന് എതിരായ ഭീകരവാദ പ്രവർത്തനം; 16 പേർക്ക് ശിക്ഷ വിധിച്ച് കോടതി"
english_title: "Bahrain High Court Sentences 16 In Terror Cases, 8 Get Life Imprisonment"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/375527/bahrain-terror-cases-16-sentenced-life-imprisonment"
published_at: "2026-07-30T14:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6b0e476028b_bahrain-terror-cases-16-sentenced-life-imprisonment.jpg"
keywords: ["Terrorism", "High Criminal Court", "Life Sentence", "Public Prosecution", "Bahrain"]
---

# ബഹ്റൈന് എതിരായ ഭീകരവാദ പ്രവർത്തനം; 16 പേർക്ക് ശിക്ഷ വിധിച്ച് കോടതി

> **Lead Summary:** മനാമ: ഭീകരവാദവുമായി ബന്ധപ്പെട്ട നാല് കേസുകളിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയ 16 പേർക്ക് ഹൈ ക്രിമിനൽ കോടതി ശിക്ഷ വിധിച്ചു. എട്ട് പേർക്ക് ജീവപര്യന്തം തടവും ആറ് പേർക്ക് 15 വർഷം തടവുമാണ് പബ്ലിക് പ്രോസിക്യൂഷൻ വിധിച്ചത്. പ്രതികളിൽ ചിലർക്ക് ഒരു ലക്ഷം ബഹ്‌റൈൻ ദിനാർ വരെ പിഴ ചുമത്താനും, അന്വേഷണത്തിനിടെ പിടിച്ചെടുത്ത പണവും വസ്തുവകകളും കണ്ടുകെട്ടാനും ഹൈ ക്രിമിനൽ കോടതി ഉത്തരവിട്ടു.

## Article Content

മനാമ: ഭീകരവാദവുമായി ബന്ധപ്പെട്ട നാല് കേസുകളിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയ 16 പേർക്ക് ഹൈ ക്രിമിനൽ കോടതി ശിക്ഷ വിധിച്ചു. എട്ട് പേർക്ക് ജീവപര്യന്തം തടവും ആറ് പേർക്ക് 15 വർഷം തടവുമാണ് പബ്ലിക് പ്രോസിക്യൂഷൻ വിധിച്ചത്. പ്രതികളിൽ ചിലർക്ക് ഒരു ലക്ഷം ബഹ്‌റൈൻ ദിനാർ വരെ പിഴ ചുമത്താനും, അന്വേഷണത്തിനിടെ പിടിച്ചെടുത്ത പണവും വസ്തുവകകളും കണ്ടുകെട്ടാനും ഹൈ ക്രിമിനൽ കോടതി ഉത്തരവിട്ടു.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ബഹ്‌റൈനെതിരായ ഇറാനിയൻ ഭീകരാക്രമണങ്ങളെ പിന്തുണയ്ക്കുകയും അനുകൂലിക്കുകയും ചെയ്തതിന് കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനാണ് രണ്ട് പേർക്ക് ശിക്ഷ വിധിച്ചത്. ഇവർക്ക് 10 വർഷം തടവും 2,000 ബഹ്‌റൈൻ ദിനാർ വീതം പിഴയും ഹൈ ക്രിമിനൽ കോടതി ചുമത്തിയിട്ടുണ്ട്.

പൊതു ക്രമസമാധാനം തകർക്കുക, രാജ്യത്തിന്റെ സുരക്ഷയ്ക്കും സമ്പദ്‌വ്യവസ്ഥയ്ക്കും ഭീഷണി ഉയർത്തുക, വ്യക്തികളെ ഉപദ്രവിക്കുക, ജനങ്ങൾക്കിടയിൽ ഭയം പരത്തുക, സർക്കാർ സ്ഥാപനങ്ങളുടെയും പൊതു അധികാരികളുടെയും പ്രവർത്തനം തടസ്സപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെ ബഹ്‌റൈനിൽ ആക്രമണങ്ങൾ ആസൂത്രണം ചെയ്ത ഭീകരവാദ ഗ്രൂപ്പുകളിൽ ഇവർ ചേർന്നതായി പ്രോസിക്യൂട്ടർമാർ പറഞ്ഞു.

ഭീകരവാദ പ്രവർത്തനങ്ങളെ പിന്തുണയ്ക്കാനും അതിനുള്ള സാമ്പത്തിക സഹായം നൽകാനും ഉദ്ദേശിച്ചുള്ള പണം കൈമാറുക, സ്വീകരിക്കുക, എത്തിച്ചുകൊടുക്കുക എന്നിവയുൾപ്പെടെ ബഹ്‌റൈനിലെ ഭീകരവാദ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിൽ ഇവർക്ക് പങ്കുണ്ടെന്ന് അന്വേഷണത്തിൽ തെളിഞ്ഞതായും പ്രോസിക്യൂട്ടർമാർ അറിയിച്ചു.

തങ്ങൾക്കെതിരേ ചുമത്തപ്പെട്ട കുറ്റകൃത്യങ്ങളിൽ പ്രതികൾക്ക് പങ്കുണ്ടെന്ന് സാങ്കേതിക അന്വേഷണങ്ങളിലൂടെ തെളിയിക്കപ്പെട്ടതായി പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്കാര സ്വാതന്ത്ര്യവും നിയമം സംരക്ഷിക്കുന്നുണ്ടെങ്കിലും, ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമുകളിലൂടെ ഭീകരവാദ പ്രവർത്തനങ്ങൾ പ്രസിദ്ധീകരിക്കുന്നതോ ന്യായീകരിക്കുന്നതോ പ്രോത്സാഹിപ്പിക്കുന്നതോ ദേശീയ സുരക്ഷയ്ക്കും സാമൂഹിക സമാധാനത്തിനും ഭീഷണിയാകുന്ന ക്രിമിനൽ കുറ്റമാണെന്ന് അധികൃതർ വ്യക്തമാക്കി.

സാമ്പത്തിക സഹായം നൽകുന്നതും പ്രേരിപ്പിക്കുന്നതും ഉൾപ്പെടെയുള്ള ഭീകരവാദവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ, പങ്കുണ്ടെന്ന് തെളിയുന്ന ആർക്കുമെതിരേ കർശനമായ നിയമനടപടികൾ തുടരുമെന്നും അവർ കൂട്ടിച്ചേർത്തു.

അതേസമയം, ഇറാനിലെ ഒളിവിലുള്ള ഭീകരവാദികൾക്ക് സാമ്പത്തിക സഹായം നൽകുകയും പിന്തുണയ്ക്കുകയും ചെയ്തതിനും, ബഹ്‌റൈന്റെ താൽപ്പര്യങ്ങൾക്ക് ഹാനികരമായ ചാരപ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിനും ആരോപണവിധേയനായ ഒരാളെ കുറ്റവിമുക്തനാക്കിയതിനെതിരേ പബ്ലിക് പ്രോസിക്യൂഷൻ 'കോർട്ട് ഓഫ് കാസേഷനിൽ' അപ്പീൽ നൽകി.

പ്രതിക്കെതിരേ ചുമത്തിയിരിക്കുന്ന കുറ്റങ്ങളുമായി ബന്ധപ്പെട്ട നിയമവിരുദ്ധ പ്രവൃത്തികൾ ചെയ്തതായി സൂചിപ്പിക്കുന്ന തെളിവുകൾ വിധിന്യായത്തിൽ അടങ്ങിയിട്ടുണ്ടെന്ന് പ്രോസിക്യൂട്ടർമാർ വാദിച്ചു.

പണമിടപാട്, തീവ്രവാദ ധനസഹായം എന്നീ കുറ്റകൃത്യങ്ങൾക്ക് പ്രതി ഇപ്പോഴും പ്രത്യേക അന്വേഷണത്തിലാണ്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 21 മില്യൺ ബഹ്റൈൻ ദിനാറിലധികം സ്വരൂപിച്ചതായും ഇറാനിലെ ഒളിച്ചോടിയ വ്യക്തികൾക്ക് അവരുടെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിനായി ഫണ്ട് കൈമാറിയതായും അന്വേഷകർ അവകാശപ്പെട്ടു.

അന്വേഷണങ്ങൾ പൂർത്തിയായിക്കഴിഞ്ഞാൽ കേസ് കോടതിയിലേക്ക് റഫർ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. തീവ്രവാദ പ്രവർത്തനങ്ങൾക്കുള്ള പിന്തുണയുടെ ഉറവിടങ്ങൾ തിരിച്ചറിയുന്നതിനും ഇല്ലാതാക്കുന്നതിനുമുള്ള എല്ലാ നിയമപരമായ നടപടികളും നടപടിക്രമങ്ങളും പിന്തുടർന്നു വരികയാണെന്ന് തീവ്രവാദ കുറ്റകൃത്യ പ്രോസിക്യൂഷൻ മേധാവി പറഞ്ഞു,

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/375527/bahrain-terror-cases-16-sentenced-life-imprisonment)