---
title: "കുവൈത്തിലെ ചൂട്: വാഹനങ്ങളിൽ തീപിടിത്തം പെരുകുന്നു, ജാഗ്രതാ നിർദേശങ്ങളുമായി ജനറൽ ഫയർ ഫോഴ്‌സ് "
english_title: "Kuwait Fire Force Issues Car Safety Warning Amid Extreme Summer Heat"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/375381/kuwait-fire-force-car-safety-tips-summer-heat"
published_at: "2026-07-29T17:55:00+05:30"
category: "Gulf Focus"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a69f1a29b0ef_kuwait-fire-force-car-safety-tips-summer-heat.jpg"
keywords: ["Fire Force", "Car Fire", "Summer Heat", "Vehicle Safety", "Kuwait"]
---

# കുവൈത്തിലെ ചൂട്: വാഹനങ്ങളിൽ തീപിടിത്തം പെരുകുന്നു, ജാഗ്രതാ നിർദേശങ്ങളുമായി ജനറൽ ഫയർ ഫോഴ്‌സ് 

> **Lead Summary:** കുവൈത്ത് സിറ്റി: വേനൽക്കാലത്തെ അതിശക്തമായ ചൂട് കാരണം വാഹനങ്ങളിൽ തീപിടിത്ത സാധ്യത വർധിക്കുന്ന സാഹചര്യത്തിൽ വാഹന ഉടമകൾക്ക് ജാഗ്രതാ നിർദേശങ്ങളുമായി കുവൈത്ത് ജനറൽ ഫയർ ഫോഴ്‌സ് രംഗത്ത്.

## Article Content

കുവൈത്ത് സിറ്റി: വേനൽക്കാലത്തെ അതിശക്തമായ ചൂട് കാരണം വാഹനങ്ങളിൽ തീപിടിത്ത സാധ്യത വർധിക്കുന്ന സാഹചര്യത്തിൽ വാഹന ഉടമകൾക്ക് ജാഗ്രതാ നിർദേശങ്ങളുമായി കുവൈത്ത് ജനറൽ ഫയർ ഫോഴ്‌സ് രംഗത്ത്.

താപനില ഉയരുന്നതോടെ വാഹനങ്ങളുടെ മെക്കാനിക്കൽ, ഇലക്ട്രിക്കൽ സംവിധാനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കാനും തീപിടിത്തമുണ്ടാകാനുമുള്ള സാധ്യത കൂടുതലാണ്. ഇത് കണക്കിലെടുത്താണ് ഫയർ ഫോഴ്‌സ് പ്രധാന നിർദേശങ്ങൾ പുറത്തിറക്കിയത്.

വാഹനങ്ങളുടെ മെക്കാനിക്കൽ, ഇലക്ട്രിക്കൽ സംവിധാനങ്ങൾ സുരക്ഷിതമാണെന്ന് ഉറപ്പാക്കാൻ അംഗീകൃത സർവീസ് കേന്ദ്രങ്ങളിൽ പതിവായി പരിശോധനയും അറ്റകുറ്റപ്പണികളും നടത്തണമെന്ന് ഫയർ ഫോഴ്‌സ് ആവശ്യപ്പെട്ടു. ടയറുകളുടെയും ബ്രേക്ക് സംവിധാനത്തിന്റെയും പ്രവർത്തനക്ഷമതയും പതിവായി പരിശോധിക്കണം.

ഗുണനിലവാരമില്ലാത്ത വൈദ്യുത വയറിങ്ങുകളോ ഇലക്ട്രിക്കൽ കണക്ഷനുകളോ വാഹനങ്ങളിൽ സ്ഥാപിക്കുന്നത് ഷോർട്ട് സർക്യൂട്ടിനും തുടർന്ന് തീപിടിത്തത്തിനും കാരണമാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

നേരിട്ട് സൂര്യപ്രകാശമേൽക്കുന്ന വാഹനങ്ങൾക്കുള്ളിൽ പെർഫ്യൂം, ലൈറ്റർ, മൊബൈൽ ചാർജർ, പവർ ബാങ്ക് തുടങ്ങിയ തീപിടിത്തത്തിനോ പൊട്ടിത്തെറിക്കാനോ സാധ്യതയുള്ള വസ്തുക്കൾ ഒരിക്കലും സൂക്ഷിക്കരുതെന്ന് ഫയർ ഫോഴ്‌സ് വ്യക്തമാക്കി. അമിത ചൂട് കാരണം ഇത്തരം വസ്തുക്കൾ പൊട്ടിത്തെറിച്ച് തീപിടിത്തമുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ വാഹനം പാർക്ക് ചെയ്യുമ്പോഴും ഇക്കാര്യത്തിൽ ശ്രദ്ധ വേണം.

ഓരോ വാഹനത്തിലും അനുയോജ്യമായ അഗ്നിശമന ഉപകരണം കരുതുകയും അത് ഉപയോഗയോഗ്യമായ നിലയിൽ സൂക്ഷിക്കുകയും വേണമെന്ന് നിർദേശത്തിൽ പറയുന്നു. അടിയന്തര സാഹചര്യമുണ്ടായാൽ പരിഭ്രാന്തരാകാതെ ഉടൻ 112 എന്ന നമ്പറിലേക്ക് വിളിച്ച് ഫയർ ഫോഴ്‌സിന്റെ സഹായം തേടണമെന്നും ജനറൽ ഫയർ ഫോഴ്‌സ് അറിയിച്ചു.

കുവൈത്തിലെ വേനൽക്കാലത്ത് വാഹന തീപിടിത്ത കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. അതിനാൽ മുൻകരുതലുകൾ സ്വീകരിച്ച് സുരക്ഷ ഉറപ്പാക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/375381/kuwait-fire-force-car-safety-tips-summer-heat)