---
title: "ആറു വർഷത്തെ കാത്തിരിപ്പിനൊടുവിൽ ബഹ്‌റൈൻ ഫ്രൈഡേ മാർക്കറ്റ് പുതിയ രൂപത്തിൽ തിരിച്ചെത്തുന്നു"
english_title: "Bahrain Friday Market Reopens After 6 Years - 90 Stalls In Howar Ali"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/375367/bahrain-friday-market-reopens-howar-ali-90-stalls"
published_at: "2026-07-29T16:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a69ddb486e9f_bahrain-friday-market-reopens-howar-ali-90-stalls.jpg"
keywords: ["Latest news", "Bahrain", "FridayMarket", "HowarAli", "SmallBusiness"]
---

# ആറു വർഷത്തെ കാത്തിരിപ്പിനൊടുവിൽ ബഹ്‌റൈൻ ഫ്രൈഡേ മാർക്കറ്റ് പുതിയ രൂപത്തിൽ തിരിച്ചെത്തുന്നു

> **Lead Summary:** **മനാമ**:[കോവിഡ് മഹാമാരിയെ തുടർന്ന് ആറുവർഷം മുമ്പ് അടച്ചുപൂട്ടിയ ബഹ്‌റൈന്റെ പ്രശസ്തമായ ഫ്രൈഡേ മാർക്കറ്റ് പുതിയ രൂപത്തിൽ തിരിച്ചെത്തുന്നു. ഹൗറ അലിയിലെ ഫാർമേഴ്സ് മാർക്കറ്റിന് സമീപം ബ്ലോക്ക് 714 ലാണ് 90 സ്റ്റാളുകളോടെ പുതിയ മാർക്കറ്റ് ഒരുങ്ങുന്നത്.

## Article Content

**മനാമ**:[കോവിഡ് മഹാമാരിയെ തുടർന്ന് ആറുവർഷം മുമ്പ് അടച്ചുപൂട്ടിയ ബഹ്‌റൈന്റെ പ്രശസ്തമായ ഫ്രൈഡേ മാർക്കറ്റ് പുതിയ രൂപത്തിൽ തിരിച്ചെത്തുന്നു. ഹൗറ അലിയിലെ ഫാർമേഴ്സ് മാർക്കറ്റിന് സമീപം ബ്ലോക്ക് 714 ലാണ് 90 സ്റ്റാളുകളോടെ പുതിയ മാർക്കറ്റ് ഒരുങ്ങുന്നത്.

പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ ഇതിനകം ആരംഭിച്ചുകഴിഞ്ഞു. ഈ വർഷാവസാനത്തോടെ നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. സ്ഥിരമായ ഒരു മേൽവിലാസമില്ലാതെ റോഡരികുകളിലും മറ്റും താൽക്കാലികമായി കച്ചവടം നടത്തി ബുദ്ധിമുട്ടിയ നിരവധി ചെറുകിട വ്യാപാരികൾക്ക് ഈ പുനരുജ്ജീവനം വലിയ ആശ്വാസമാകും.

ആധുനിക രീതിയിലുള്ള സ്റ്റീൽ ഘടനയിൽ തണലും മികച്ച അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കിയാണ് പുതിയ സ്റ്റാളുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ആവശ്യമായ വൈദ്യുതീകരണം, കുടിവെള്ളം, ശുചിമുറി സൗകര്യങ്ങൾ എന്നിവ ഇവിടെ ലഭ്യമാക്കും.

മഴയത്തുപോലും കച്ചവടം തടസ്സപ്പെടാത്ത രീതിയിലാണ് നിർമാണം.ചെറുകിട കച്ചവടക്കാർക്കും സാധാരണക്കാർക്കും സ്ഥിരമായ വരുമാന മാർഗ്ഗമാണ് ഈ വിപണിയെന്നും പദ്ധതി യാഥാർത്ഥ്യമാകുന്നതിൽ സന്തോഷമുണ്ടെന്നും നോർത്തേൺ മുനിസിപ്പൽ കൗൺസിൽ ഫിനാൻഷ്യൽ കമ്മിറ്റി ചെയർമാൻ ഡോ. മൊഹ്‌സിൻ അബ്ദുല്ല വ്യക്തമാക്കി.

ആദ്യം ഹമദ് ടൗണിലാണ് മാർക്കറ്റ് നിർദ്ദേശിച്ചിരുന്നതെങ്കിലും ജനവാസ മേഖലയായതിനാലും ഗതാഗത ബുദ്ധിമുട്ടുകൾ കണക്കിലെടുത്തും പിന്നീട് ഹൗറ അലിയിലേക്ക് മാറ്റുകയായിരുന്നു.

പുതിയ വിപണി പൂർത്തിയാകുന്നതോടെ അനധികൃത തെരുവ് കച്ചവടങ്ങൾ ഗണ്യമായി കുറയ്ക്കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസി സമൂഹത്തിനും ഈ മാർക്കറ്റ് മികച്ചൊരു ഷോപ്പിംഗ് അനുഭവമായിരിക്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/375367/bahrain-friday-market-reopens-howar-ali-90-stalls)