---
title: "പ്രവാസികൾക്ക് തിരിച്ചടി; എയർ ഇന്ത്യ എക്സ്പ്രസിന്റെ ബഹ്റൈൻ-കേരള വിമാന സർവീസുകൾ ആഗസ്റ്റ് 2 വരെ റദ്ദാക്കി"
english_title: "Air India Express Cancels Bahrain-Kerala Flights Till August 2"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/375354/air-india-express-bahrain-kerala-flights-cancelled-august-2"
published_at: "2026-07-29T15:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a69d572a564a_air-india-express-bahrain-kerala-flights-cancelled-august-2.jpg"
keywords: ["Air India Express", "Bahrain", "Kerala", "Flight Cancellation", "Gulf Malayalis", "Travel Update"]
---

# പ്രവാസികൾക്ക് തിരിച്ചടി; എയർ ഇന്ത്യ എക്സ്പ്രസിന്റെ ബഹ്റൈൻ-കേരള വിമാന സർവീസുകൾ ആഗസ്റ്റ് 2 വരെ റദ്ദാക്കി

> **Lead Summary:** മനാമ: മേഖലയിൽ തുടരുന്ന അനിശ്ചിതാവസ്ഥയുടെ പശ്ചാത്തലത്തിൽ ബഹ്റൈൻ-കേരള റൂട്ടിലെ സർവീസുകൾ ആഗസ്റ്റ് 2 വരെ റദ്ദാക്കി എയർ ഇന്ത്യ എക്സ്പ്രസ്. നേരത്തെ ജൂലൈ 31 വരെയായിരുന്നു കേരള സെക്ടറുകളിലേക്കുള്ള സർവീസുകൾ റദ്ദാക്കിയിരുന്നത്. ഇപ്പോൾ അതിന്റെ കാലാവധി കൂടി നീട്ടിയിരിക്കുകയാണ്.

## Article Content

മനാമ: മേഖലയിൽ തുടരുന്ന അനിശ്ചിതാവസ്ഥയുടെ പശ്ചാത്തലത്തിൽ ബഹ്റൈൻ-കേരള റൂട്ടിലെ സർവീസുകൾ ആഗസ്റ്റ് 2 വരെ റദ്ദാക്കി എയർ ഇന്ത്യ എക്സ്പ്രസ്. നേരത്തെ ജൂലൈ 31 വരെയായിരുന്നു കേരള സെക്ടറുകളിലേക്കുള്ള സർവീസുകൾ റദ്ദാക്കിയിരുന്നത്. ഇപ്പോൾ അതിന്റെ കാലാവധി കൂടി നീട്ടിയിരിക്കുകയാണ്.

അവധിക്കാലമായതിനാൽ നിരവധി മലയാളികളാണ് നാട്ടിലേക്ക് പോകാനും തിരികെ വരാനുമായി ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. എന്നാൽ പെട്ടന്നുള്ള സർവീസ് റദ്ദാക്കലുകൾ യാത്രക്കാരെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

> റദ്ദാക്കൽ സംബന്ധിച്ച് അധികൃതരോട് മറ്റ് എയർലൈനുകൾ സമാന റൂട്ടുകളിൽ സർവീസ് നടത്തുന്നുണ്ടല്ലോ എന്ന് യാത്രക്കാർ ചോദിച്ചപ്പോൾ "യാത്രക്കാരുടെ സുരക്ഷയ്ക്കാണ് മുഖ്യപരിഗണന" എന്നായിരുന്നു ലഭിച്ച മറുപടി.നിലവിലെ സാഹചര്യത്തിൽ വലിയ തുക നൽകി മറ്റ് എയർലൈനുകളിൽ ടിക്കറ്റ് എടുക്കേണ്ട അവസ്ഥയിലാണ് പ്രവാസികൾ.

ടിക്കറ്റ് നിരക്ക് ഇരട്ടിയിലേറെയായതോടെ ചിലർ യാത്ര തന്നെ മാറ്റിവെക്കാൻ നിർബന്ധിതരായിട്ടുണ്ട്. റദ്ദാക്കിയ സർവീസുകളിലെ യാത്രക്കാർക്ക് ടിക്കറ്റ് തുക പൂർണ്ണമായി റീഫണ്ട് ചെയ്യാനുള്ള സൗകര്യം എയർ ഇന്ത്യ എക്സ്പ്രസ് ഒരുക്കിയിട്ടുണ്ട്. അതോടൊപ്പം യഥാർത്ഥ യാത്രാ തീയതിക്ക് ഒരു ദിവസം മുമ്പോ അല്ലെങ്കിൽ ഏഴ് ദിവസത്തിനകമോ ഉള്ള പുതിയ തീയതിയിലേക്ക് യാത്ര മാറ്റം ചെയ്യാനുള്ള അവസരവും ട്രാവൽ ഏജന്റുമാർക്ക് നൽകിയിട്ടുണ്ട്.

യാത്രാ പദ്ധതികൾ താറുമാറായ പ്രവാസികൾക്ക് ഇത് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെങ്കിലും സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്നാണ് എയർലൈന്റെ വിശദീകരണം. മേഖലയിലെ സ്ഥിതിഗതികൾ വിലയിരുത്തി അടുത്ത തീരുമാനം പിന്നീട് അറിയിക്കുമെന്നും അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/375354/air-india-express-bahrain-kerala-flights-cancelled-august-2)