---
title: ""കോടതി നടപടികൾ ഇനി കൂടുതൽ വേഗത്തിലാകും; ലോകത്താദ്യമായി സമഗ്ര എ.ഐ പ്ലാറ്റ്ഫോം അവതരിപ്പിച്ച് അബൂദബി""
english_title: "Abu Dhabi Launches World's First Full AI Judicial Platform for Faster Court Decisions"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/375299/abu-dhabi-worlds-first-ai-judicial-platform-courts"
published_at: "2026-07-29T12:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a69ad6638d4b_abu-dhabi-worlds-first-ai-judicial-platform-courts.jpg"
keywords: ["Latest News", "AbuDhabi", "AI", "JudicialSystem", "UAE", "Technology"]
---

# "കോടതി നടപടികൾ ഇനി കൂടുതൽ വേഗത്തിലാകും; ലോകത്താദ്യമായി സമഗ്ര എ.ഐ പ്ലാറ്റ്ഫോം അവതരിപ്പിച്ച് അബൂദബി"

> **Lead Summary:** **അബൂദബി**:**[**നീതിന്യായ സംവിധാനം കൂടുതൽ വേഗമേറിയതും കാര്യക്ഷമവുമാക്കാൻ പൂർണതോതിലുള്ള നിർമിത ബുദ്ധി എ.ഐ അധിഷ്ഠിത പ്ലാറ്റ്ഫോമുമായി അബൂദബി ജുഡീഷ്യൽ ഡിപ്പാർട്ട്മെന്റ്. കോടതി ഭരണനിർവഹണത്തിലും വിചാരണ നടപടികളിലും എ.ഐ സാങ്കേതികവിദ്യ പൂർണമായും സംയോജിപ്പിക്കുന്ന ലോകത്തിലെ ആദ്യത്തെ ജുഡീഷ്യൽ പ്ലാറ്റ്ഫോമാണിത്.

## Article Content

**അബൂദബി**:**[**നീതിന്യായ സംവിധാനം കൂടുതൽ വേഗമേറിയതും കാര്യക്ഷമവുമാക്കാൻ പൂർണതോതിലുള്ള നിർമിത ബുദ്ധി എ.ഐ അധിഷ്ഠിത പ്ലാറ്റ്ഫോമുമായി അബൂദബി ജുഡീഷ്യൽ ഡിപ്പാർട്ട്മെന്റ്. കോടതി ഭരണനിർവഹണത്തിലും വിചാരണ നടപടികളിലും എ.ഐ സാങ്കേതികവിദ്യ പൂർണമായും സംയോജിപ്പിക്കുന്ന ലോകത്തിലെ ആദ്യത്തെ ജുഡീഷ്യൽ പ്ലാറ്റ്ഫോമാണിത്.

കേസ് ഫയലുകളുടെ വിശകലനം, നിയമ ഗവേഷണം, മുൻകാല വിധിന്യായങ്ങളുടെ പരിശോധന, കോടതി രേഖകളുടെ തയ്യാറാക്കൽ തുടങ്ങിയ നിർണായക കാര്യങ്ങളിൽ ഈ പുതിയ സംവിധാനം പ്രധാന പങ്കുവഹിക്കും.

കൂടുതൽ കാര്യക്ഷമവും വേഗത്തിലുള്ളതുമായ നീതിന്യായ വ്യവസ്ഥയിലേക്കുള്ള പാതയാണ് നൂതന സാങ്കേതികവിദ്യകളെന്ന് യു.എ.ഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ വ്യക്തമാക്കി.

പുതിയ സാങ്കേതികവിദ്യ വരുന്നതോടെ കൂറ്റൻ കേസ് ഫയലുകളും നിയമരേഖകളും വേഗത്തിൽ അപഗ്രഥിക്കാൻ ജുഡീഷ്യൽ ടീമുകൾക്ക് സാധിക്കും. യു.എ.ഇയിലെ നിയമങ്ങൾ, നിയന്ത്രണങ്ങൾ, പ്രസക്തമായ മുൻകാല കോടതിവിധികൾ എന്നിവ പ്ലാറ്റ്ഫോം വഴി നേരിട്ട് ലഭ്യമാകും.

കേസ് അവലോകന റിപ്പോർട്ടുകൾ തയ്യാറാക്കൽ, ലീഗൽ മെമ്മോറാണ്ടം പകർപ്പുകൾ തയ്യാറാക്കൽ തുടങ്ങിയവയ്ക്ക് മുമ്പ് വിവിധ ആപ്ലിക്കേഷനുകളെ ആശ്രയിച്ചിരുന്ന സ്ഥാനത്ത്, ഇനി ഇവയെല്ലാം ഒരൊറ്റ പ്ലാറ്റ്ഫോമിൽ തന്നെ സാധ്യമാകും.

ഇത് വിചാരണക്കാലയളവ് ഗണ്യമായി കുറയ്ക്കാനും കോടതി നടപടികളിൽ പൂർണമായ ഏകീകരണം ഉറപ്പാക്കാനും സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കുന്നു.

അതേസമയം, കേസുകളിൽ അന്തിമവിധിയും തീർപ്പും കൽപ്പിക്കാനുള്ള പൂർണമായ അധികാരം ന്യായാധിപർക്ക് തന്നെയായിരിക്കും. തെളിവുകൾ വിലയിരുത്തൽ, നിയമ വ്യാഖ്യാനം നടത്തൽ, അന്തിമ വിധി പ്രസ്താവിക്കൽ എന്നിവയിൽ ജഡ്ജിമാരുടെ മേൽനോട്ടം അതേപടി തുടരും.

വിധികൾ കൈക്കൊള്ളുന്നതിൽ ന്യായാധിപർക്ക് പിന്തുണ നൽകുന്ന സഹായ സംവിധാനമായി മാത്രമായിരിക്കും എ.ഐ പ്രവർത്തിക്കുക. ഡിജിറ്റൽ കോടതി നെറ്റ്‌വർക്കുകളുമായും മറ്റ് സർക്കാർ സംവിധാനങ്ങളുമായും ബന്ധിപ്പിച്ചു പ്രവർത്തിക്കുന്ന ഈ പദ്ധതി ഭാവിയിലെ ലോക കോടതികൾക്ക് തന്നെ മാതൃകയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/375299/abu-dhabi-worlds-first-ai-judicial-platform-courts)