---
title: "റോഡിൽ വാഹനം ഉപേക്ഷിച്ചാൽ പിടിച്ചെടുക്കും, പിഴയും; പ്രവാസികൾക്ക് മുന്നറിയിപ്പുമായി കുവൈറ്റ്"
english_title: "Kuwait Warns: Abandoned Vehicles on Roads Will Be Seized, Owners Fined"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/375174/kuwait-traffic-warning-abandoned-vehicles-fine-expat-travel-rules"
published_at: "2026-07-28T16:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a688be5e0110_kuwait-traffic-warning-abandoned-vehicles-fine-expat-travel-rules.jpg"
keywords: ["Kuwait Traffic", "Abandoned Vehicles", "Traffic Fine Kuwait", "Kuwait Police", "Kuwait News"]
---

# റോഡിൽ വാഹനം ഉപേക്ഷിച്ചാൽ പിടിച്ചെടുക്കും, പിഴയും; പ്രവാസികൾക്ക് മുന്നറിയിപ്പുമായി കുവൈറ്റ്

> **Lead Summary:** കുവൈറ്റ്‌: റോഡിൽ തകരാറിലായ വാഹനം ഉപേക്ഷിച്ച് പോകുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കുവൈറ്റ്‌ പൊതുഗതാഗത വകുപ്പ് മുന്നറിയിപ്പ് നൽകി. ഇത്തരത്തിൽ ഉപേക്ഷിക്കുന്ന വാഹനങ്ങൾ അനാഥ വാഹനങ്ങളായി കണക്കാക്കി പിടിച്ചെടുക്കുന്നതിനൊപ്പം ഉടമകൾക്കെതിരെ ട്രാഫിക് നിയമപ്രകാരം പിഴ ഉൾപ്പെടെയുള്ള നടപടികളും സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

## Article Content

കുവൈറ്റ്‌: റോഡിൽ തകരാറിലായ വാഹനം ഉപേക്ഷിച്ച് പോകുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കുവൈറ്റ്‌ പൊതുഗതാഗത വകുപ്പ് മുന്നറിയിപ്പ് നൽകി. ഇത്തരത്തിൽ ഉപേക്ഷിക്കുന്ന വാഹനങ്ങൾ അനാഥ വാഹനങ്ങളായി കണക്കാക്കി പിടിച്ചെടുക്കുന്നതിനൊപ്പം ഉടമകൾക്കെതിരെ ട്രാഫിക് നിയമപ്രകാരം പിഴ ഉൾപ്പെടെയുള്ള നടപടികളും സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

കുവൈത്ത് ടെലിവിഷനിലെ ഗുഡ് മോർണിംഗ് കുവൈറ്റ് പരിപാടിയിൽ സംസാരിക്കവെ ട്രാഫിക് അവബോധ വിഭാഗം അസിസ്റ്റന്റ് ഡയറക്ടർ ലഫ്. കേണൽ അബ്ദുല്ല ബു ഹസ്സൻ ആണ് ഇക്കാര്യം അറിയിച്ചത്.

വാഹനം തകരാറിലായാൽ സാധ്യമെങ്കിൽ റോഡിന്റെ ഏറ്റവും വലതുവശത്തെ സുരക്ഷിത ഭാഗത്തേക്ക് മാറ്റി നിർത്തണം. തുടർന്ന് ഹസാർഡ് ലൈറ്റുകൾ പ്രവർത്തിപ്പിക്കുകയും മുന്നറിയിപ്പ് ത്രികോണം സ്ഥാപിക്കുകയും വാഹനം എത്രയും വേഗം ടോവിങ് സേവനം ഉപയോഗിച്ച് മാറ്റുകയും വേണമെന്ന് അദ്ദേഹം നിർദേശിച്ചു.

റോഡിൽ തകരാറിലായ വാഹനം ഉപേക്ഷിക്കുന്നത് മറ്റ് വാഹനയാത്രക്കാർക്ക് അപകടസാധ്യത വർധിപ്പിക്കുന്നതും പൊതുസുരക്ഷയ്ക്ക് ഭീഷണിയാകുന്നതുമായ സാഹചര്യമാണ്. ഇത്തരം സംഭവങ്ങളിൽ പിഴയും വാഹനം പിടിച്ചെടുക്കലും ഉൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

നിർമാണ മേഖലകളിൽ വേഗത കുറയ്ക്കുകയും ട്രാഫിക് നിർദേശങ്ങൾ കർശനമായി പാലിക്കുകയും ബദൽ വഴികൾ ഉപയോഗിക്കുകയും ചെയ്യണമെന്ന് വാഹനയാത്രക്കാരോട് അദ്ദേഹം അഭ്യർഥിച്ചു.

അവധി യാത്രകൾക്ക് മുന്നോടിയായി വിദേശത്തേക്ക് വാഹനമോടിച്ച് പോകുന്നവർ വാഹനത്തിന്റെ രജിസ്ട്രേഷൻ സാധുവാണെന്നും ടയറുകൾ, ബ്രേക്ക്, എൻജിൻ ഓയിൽ, കൂളന്റ് എന്നിവ ഉൾപ്പെടെയുള്ള പ്രധാന സംവിധാനങ്ങൾ സുരക്ഷിത നിലയിലാണെന്നും ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ജി.സി.സി. രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്ക് സാധുവായ കുവൈത്ത് ഡ്രൈവിങ് ലൈസൻസ് മതിയാകുമെങ്കിലും, മറ്റ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവർ അന്താരാഷ്ട്ര ഡ്രൈവിങ് പെർമിറ്റ് നിർബന്ധമായും കൈവശം വെക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

പ്രവാസികൾക്ക് കുടിശ്ശികയുള്ള ട്രാഫിക് പിഴകൾ അടയ്ക്കാതെ കര, കടൽ, വ്യോമ അതിർത്തി കവാടങ്ങളിലൂടെ രാജ്യം വിടാൻ അനുമതിയുണ്ടാകില്ലെന്നും യാത്രയ്ക്ക് മുമ്പ് എല്ലാ പിഴകളും തീർപ്പാക്കി കാലതാമസം ഒഴിവാക്കണമെന്നും ലഫ്. കേണൽ അബ്ദുല്ല ബു ഹസ്സൻ നിർദേശിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/375174/kuwait-traffic-warning-abandoned-vehicles-fine-expat-travel-rules)