---
title: "നോക്കീം കണ്ടും പോകൂ.... മഴയിലും മൂടൽമഞ്ഞിലും വാഹനം ഓടിക്കുന്നവർ ശ്രദ്ധിക്കുക: ഒമാൻ പൊലീസിന്റെ ജാഗ്രതാ നിർദേശം"
english_title: "Royal Oman Police Issues Driving Safety Advisory For Rain And Fog"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/374944/royal-oman-police-driving-safety-advisory-rain-fog"
published_at: "2026-07-27T16:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a02f7aa12633_royal_oman_police.jpg"
keywords: ["Rain Driving Oman", "Royal Oman Police", "Driving Safety", "Oman News", "Gulf Traffic Rules", "Muscat"]
---

# നോക്കീം കണ്ടും പോകൂ.... മഴയിലും മൂടൽമഞ്ഞിലും വാഹനം ഓടിക്കുന്നവർ ശ്രദ്ധിക്കുക: ഒമാൻ പൊലീസിന്റെ ജാഗ്രതാ നിർദേശം

> **Lead Summary:** മസ്‌കത്ത്: മഴയും മൂടൽമഞ്ഞും രൂക്ഷമാകുന്ന സാഹചര്യത്തിൽ വാഹനമോടിക്കുന്നവർക്ക് ജാഗ്രതാ നിർദേശവുമായി റോയൽ ഒമാൻ പൊലീസ് രംഗത്ത്.

## Article Content

മസ്‌കത്ത്: മഴയും മൂടൽമഞ്ഞും രൂക്ഷമാകുന്ന സാഹചര്യത്തിൽ വാഹനമോടിക്കുന്നവർക്ക് ജാഗ്രതാ നിർദേശവുമായി റോയൽ ഒമാൻ പൊലീസ് രംഗത്ത്.

നാഷണൽ റിസ്ക് രജിസ്റ്ററുമായി സഹകരിച്ചാണ് പൊലീസ് പുതിയ സുരക്ഷാ മാർഗനിർദേശങ്ങൾ പുറത്തിറക്കിയത്. കാലാവസ്ഥ മോശമാകുന്ന സമയങ്ങളിൽ റോഡപകടങ്ങൾ വർധിക്കാൻ സാധ്യതയുള്ളതിനാലാണ് ഈ നിർദേശം.

1.വേഗത കുറയ്ക്കുക: മഴയോ മൂടൽമഞ്ഞോ മൂലം കാഴ്ച മറയുമ്പോൾ വാഹനത്തിന്റെ വേഗത ഉടൻ കുറയ്ക്കണം. അമിത വേഗത കർശനമായി ഒഴിവാക്കണം.

2. സുരക്ഷിത അകലം: മുൻപിൽ പോകുന്ന വാഹനങ്ങളിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കണം. പെട്ടെന്ന് ബ്രേക്ക് ചെയ്യേണ്ടി വന്നാൽ അപകടം ഒഴിവാക്കാൻ ഇത് സഹായിക്കും.

3. ശ്രദ്ധയോടെ ഡ്രൈവിംഗ്: റോഡിലെ സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിച്ച് മാത്രമേ വാഹനം ഓടിക്കാവൂ.

മഴക്കാലത്ത് റോഡുകൾ വഴുക്കലുള്ളതാകാൻ സാധ്യതയുള്ളതിനാൽ സ്റ്റിയറിംഗിൽ ഇരു കൈകളും നിർബന്ധമായും ഉണ്ടായിരിക്കണമെന്നും പൊലീസ് നിർദേശത്തിൽ പറയുന്നു. വാഹനം തെന്നി നീങ്ങാനുള്ള സാധ്യത കൂടുതലായതിനാൽ സ്റ്റിയറിംഗിൽ നല്ല പിടിത്തം ഉറപ്പാക്കുന്നത് നിയന്ത്രണം നഷ്ടമാകുന്നത് തടയുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.

സുരക്ഷാ മുൻകരുതലുകൾ കർശനമായി പാലിക്കുന്നത് റോഡപകടങ്ങൾ ഗണ്യമായി കുറയ്ക്കാൻ സഹായിക്കുമെന്ന് റോയൽ ഒമാൻ പൊലീസ് വ്യക്തമാക്കി.

കാലാവസ്ഥാ മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും അനാവശ്യ യാത്രകൾ ഒഴിവാക്കുകയും ചെയ്യണമെന്നും പൊലീസ് അഭ്യർഥിച്ചു.

നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.പ്രവാസി മലയാളികൾ ഉൾപ്പെടെയുള്ളവർ ഈ നിർദേശങ്ങൾ പാലിച്ച് സുരക്ഷിതമായി യാത്ര ചെയ്യണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/374944/royal-oman-police-driving-safety-advisory-rain-fog)