---
title: "ദൈവത്തിന്റെ കരങ്ങളായി.... നിലക്കടല ശ്വാസനാളത്തിൽ കുടുങ്ങി; അഞ്ച് വയസുകാരന്റെ ജീവൻ രക്ഷിച്ച് സൽമാനിയയിലെ ഡോക്ടർമാർ"
english_title: "Bahrain Salmaniya Hospital Doctors Save 5 Year Old Boy Peanut Stuck Airway"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/374730/bahrain-salmaniya-hospital-5-year-old-peanut-airway-rescue"
published_at: "2026-07-26T15:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a65d4d7cf615_bahrain-salmaniya-hospital-5-year-old-peanut-airway-rescue.jpg"
keywords: ["Bahrain", "Salmaniya Medical Complex", "Child Health", "Bronchoscopy", "Airway Obstruction"]
---

# ദൈവത്തിന്റെ കരങ്ങളായി.... നിലക്കടല ശ്വാസനാളത്തിൽ കുടുങ്ങി; അഞ്ച് വയസുകാരന്റെ ജീവൻ രക്ഷിച്ച് സൽമാനിയയിലെ ഡോക്ടർമാർ

> **Lead Summary:** **മനാമ: **നിലക്കടല ശ്വാസനാളത്തിൽ കുടുങ്ങി ശ്വാസതടസ്സം നേരിട്ട അഞ്ച് വയസുകാരന്റെ ജീവൻ സൽമാനിയ മെഡിക്കൽ കോംപ്ലക്സിലെ ഡോക്ടർമാരുടെ സമയോചിതമായ ഇടപെടലിലൂടെ രക്ഷിച്ചു. നിലക്കടല കഴിച്ചുകൊണ്ടിരിക്കെ ശ്വാസനാളത്തിൽ അവശിഷ്ടങ്ങൾ കുടുങ്ങിയതിനെ തുടർന്നാണ് കുട്ടിയെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്.

## Article Content

**മനാമ: **നിലക്കടല ശ്വാസനാളത്തിൽ കുടുങ്ങി ശ്വാസതടസ്സം നേരിട്ട അഞ്ച് വയസുകാരന്റെ ജീവൻ സൽമാനിയ മെഡിക്കൽ കോംപ്ലക്സിലെ ഡോക്ടർമാരുടെ സമയോചിതമായ ഇടപെടലിലൂടെ രക്ഷിച്ചു. നിലക്കടല കഴിച്ചുകൊണ്ടിരിക്കെ ശ്വാസനാളത്തിൽ അവശിഷ്ടങ്ങൾ കുടുങ്ങിയതിനെ തുടർന്നാണ് കുട്ടിയെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്.

വലതു ശ്വാസകോശത്തിലേക്കുള്ള വായുസഞ്ചാരം പൂർണമായും നിലച്ച നിലയിലായിരുന്നു കുട്ടി.കുട്ടിയുടെ ഗുരുതരാവസ്ഥ കണക്കിലെടുത്ത് പീഡിയാട്രിക്, ഇ.എൻ.ടി വിഭാഗം ഡോക്ടർമാർ സംയുക്തമായി പരിശോധന നടത്തി. തുടർന്ന് ജനറൽ അനസ്തേഷ്യ നൽകി അടിയന്തര ബ്രോങ്കോസ്കോപ്പി നടത്താൻ തീരുമാനിച്ചു.

പരിശോധനയിൽ പ്രധാന ശ്വാസനാളത്തിൽ രണ്ട് നിലക്കടല കഷണങ്ങൾ കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തി.ശസ്ത്രക്രിയയ്ക്കിടെ കുട്ടിയുടെ ഓക്സിജൻ നില അപകടകരമാംവിധം കുറഞ്ഞെങ്കിലും, സങ്കീർണതകൾ ഒന്നുമില്ലാതെ ശ്വാസകോശത്തിൽ കുടുങ്ങിയ നിലക്കടലകൾ പുറത്തെടുക്കാൻ മെഡിക്കൽ സംഘത്തിന് സാധിച്ചു.

വിവിധ വകുപ്പുകളുടെ ഏകോപനവും അനസ്തേഷ്യ ടീമിന്റെ കൃത്യസമയത്തെ ഇടപെടലുമാണ് ശസ്ത്രക്രിയ വിജയകരമാക്കിയതെന്ന് ഇ.എൻ.ടി വിഭാഗം മേധാവി ഡോ. ദീന അൽ ശബീബ് പറഞ്ഞു.

അഞ്ച് വയസിന് താഴെയുള്ള കുട്ടികൾക്ക് നിലക്കടലയോ മറ്റ് ചെറിയ കട്ടിയുള്ള ഭക്ഷണപദാർത്ഥങ്ങളോ നൽകരുതെന്ന് മാതാപിതാക്കൾക്ക് മെഡിക്കൽ സംഘം കർശന മുന്നറിയിപ്പ് നൽകി. ശ്വാസനാളം അടഞ്ഞുപോകാനും അത് ജീവന് തന്നെ ഭീഷണിയാകാനും സാധ്യതയുണ്ടെന്ന് അവർ ഓർമ്മിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/374730/bahrain-salmaniya-hospital-5-year-old-peanut-airway-rescue)