---
title: "എ.ഐ. ചിത്രങ്ങൾ കണ്ട് ഭക്ഷണം ഓർഡർ ചെയ്ത് പറ്റിക്കപ്പെടാറുണ്ടോ? പുതിയ നിയമവുമായി ബഹ്‌റൈൻ"
english_title: "Bahrain MP Proposes Law Against AI-Generated Fake Food Images In Restaurants"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/374542/bahrain-law-ai-fake-food-images-restaurants-maryam-al-dhain"
published_at: "2026-07-25T14:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a64787511cdd_bahrain-law-ai-fake-food-images-restaurants-maryam-al-dhain.jpg"
keywords: ["Bahrain", "AI Food Images", "Maryam Al Dhain", "Food Delivery", "Consumer Protection", "Fake Photos", "Restaurant Law"]
---

# എ.ഐ. ചിത്രങ്ങൾ കണ്ട് ഭക്ഷണം ഓർഡർ ചെയ്ത് പറ്റിക്കപ്പെടാറുണ്ടോ? പുതിയ നിയമവുമായി ബഹ്‌റൈൻ

> **Lead Summary:** **മനാമ: **മെനുവിലും ഫുഡ് ഡെലിവറി ആപ്പുകളിലും കൃത്രിമ ബുദ്ധി (എ.ഐ) ഉപയോഗിച്ച് നിർമ്മിച്ച വ്യാജ ഭക്ഷണ ചിത്രങ്ങൾ നൽകി ഉപഭോക്താക്കളെ കബളിപ്പിക്കുന്ന പ്രവണതയ്ക്കെതിരെ കർശന നിയമനിർദ്ദേശവുമായി ബഹ്‌റൈൻ പാർലമെന്റ് രംഗത്ത്. എം.പി മർയം അൽ ദഈനാണ് റെസ്റ്റോറന്റുകളുടെ ഈ തട്ടിപ്പിനെതിരെ പുതിയ നിയമനിർദ്ദേശം മുന്നോട്ടുവെച്ചിരിക്കുന്നത്.

## Article Content

**മനാമ: **മെനുവിലും ഫുഡ് ഡെലിവറി ആപ്പുകളിലും കൃത്രിമ ബുദ്ധി (എ.ഐ) ഉപയോഗിച്ച് നിർമ്മിച്ച വ്യാജ ഭക്ഷണ ചിത്രങ്ങൾ നൽകി ഉപഭോക്താക്കളെ കബളിപ്പിക്കുന്ന പ്രവണതയ്ക്കെതിരെ കർശന നിയമനിർദ്ദേശവുമായി ബഹ്‌റൈൻ പാർലമെന്റ് രംഗത്ത്. എം.പി മർയം അൽ ദഈനാണ് റെസ്റ്റോറന്റുകളുടെ ഈ തട്ടിപ്പിനെതിരെ പുതിയ നിയമനിർദ്ദേശം മുന്നോട്ടുവെച്ചിരിക്കുന്നത്.

ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ കമ്പ്യൂട്ടർ നിർമ്മിത ചിത്രങ്ങൾ യഥാർത്ഥ ഫോട്ടോകളിൽ നിന്ന് തിരിച്ചറിയാൻ കഴിയാത്തവിധം അതിമനോഹരമായാണ് നിർമ്മിക്കുന്നത്. ഇത്തരം കൊതിയൂറുന്ന ചിത്രങ്ങൾ കണ്ട് ഭക്ഷണം ഓർഡർ ചെയ്യുന്ന ഉപഭോക്താക്കൾക്ക് പക്ഷേ ലഭിക്കുന്നത് വലിയ നിരാശയായിരിക്കും.

പരസ്യങ്ങളിൽ കാണുന്നതിനേക്കാൾ വളരെ കുറഞ്ഞ അളവിലും മോശം നിലവാരത്തിലുമായിരിക്കും ഓർഡർ ചെയ്തു കിട്ടുന്ന ഭക്ഷണങ്ങൾ. ഇത് ഗുരുതരമായ ഉപഭോക്തൃ വഞ്ചനയാണെന്ന് എം.പി ചൂണ്ടിക്കാട്ടുന്നു. ഈ രീതിയിലുള്ള അനധികൃത പരസ്യങ്ങൾ തടയാൻ കർശന വ്യവസ്ഥകളാണ് പുതിയ നിർദ്ദേശത്തിലുള്ളത്.

എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിക്കുന്ന ചിത്രങ്ങൾക്കൊപ്പമെല്ലാം വ്യക്തമായ മുന്നറിയിപ്പുകൾ നൽകിയിരിക്കണം. ഉൽപ്പന്നങ്ങളെക്കുറിച്ച് തെറ്റായ ധാരണ പരത്തുന്നതോ വ്യാജ അവകാശവാദങ്ങൾ ഉന്നയിക്കുന്നതോ ആയ പരസ്യങ്ങൾ ഈ നിയമപ്രകാരം കുറ്റകരമായി കണക്കാക്കും.

യഥാർത്ഥത്തിലുള്ളതിനേക്കാൾ മികച്ച രീതിയിൽ ഭക്ഷണം ചിത്രീകരിച്ച് ആളുകളെ കബളിപ്പിക്കുന്നത് തടയുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം. ഇത്തരം വ്യാജ ചിത്രങ്ങളുടെ ഉപയോഗം റെസ്റ്റോറന്റുകൾക്കു മേലുള്ള ജനങ്ങളുടെ വിശ്വാസ്യത തകർക്കുമെന്നും അധികൃതർ ഓർമ്മിപ്പിക്കുന്നു. അന്താരാഷ്ട്ര തലത്തിൽ തന്നെ വലിയ ചർച്ചയായി മാറുന്ന ഈ വിഷയം ഓൺലൈൻ ഫുഡ് ഡെലിവറി രംഗത്ത് കർശന നിയന്ത്രണങ്ങൾ കൊണ്ടുവരാൻ കാരണമാകും എന്നാണ് വിലയിരുത്തപ്പെടുന്നത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/374542/bahrain-law-ai-fake-food-images-restaurants-maryam-al-dhain)