---
title: "വേനൽച്ചൂടിനെയും വകവയ്ക്കാതെ ജനപ്രവാഹം: ദുബായ് ഡേറ്റ്സ് ഫെസ്റ്റിവൽ നാളെ സമാപിക്കും"
english_title: "Dubai Dates Festival 2026 | Al Ain Road Khalat Al Rimal Dates Competition Winners"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/374529/dubai-dates-festival-2026-khalat-al-rimal-al-ain-road"
published_at: "2026-07-25T13:05:00+05:30"
category: "Art & Culture"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a64679cbd6b9_dubai-dates-festival-2026-khalat-al-rimal-al-ain-road.jpg"
keywords: ["Latest News", "Dubai Dates Festival", "UAE Dates", "Dubai Events", "Date Palm Farming", "UAE Agriculture", "Dubai Food Festival"]
---

# വേനൽച്ചൂടിനെയും വകവയ്ക്കാതെ ജനപ്രവാഹം: ദുബായ് ഡേറ്റ്സ് ഫെസ്റ്റിവൽ നാളെ സമാപിക്കും

> **Lead Summary:** ദുബായ്: പുറത്ത് വേനൽച്ചൂട് കനക്കുമ്പോഴും അകത്ത് നിറയുന്നത് ഈന്തപ്പഴത്തിന്റെ മധുരവും പൈതൃകത്തിന്റെ ഗന്ധവുമാണ്. ദുബായ്–അൽഐൻ റോഡിലെ ഖലഅത്ത് അൽ റിമാലിൽ നടന്നുവരുന്ന മൂന്നാം പതിപ്പ് ദുബായ് ഡേറ്റ്സ് ഫെസ്റ്റിവലിലേക്ക് കടുത്ത ചൂടിനെ പോലും അവഗണിച്ച് വലിയ ജനപ്രവാഹമാണ് എത്തുന്നത്.

## Article Content

ദുബായ്: പുറത്ത് വേനൽച്ചൂട് കനക്കുമ്പോഴും അകത്ത് നിറയുന്നത് ഈന്തപ്പഴത്തിന്റെ മധുരവും പൈതൃകത്തിന്റെ ഗന്ധവുമാണ്. ദുബായ്–അൽഐൻ റോഡിലെ ഖലഅത്ത് അൽ റിമാലിൽ നടന്നുവരുന്ന മൂന്നാം പതിപ്പ് ദുബായ് ഡേറ്റ്സ് ഫെസ്റ്റിവലിലേക്ക് കടുത്ത ചൂടിനെ പോലും അവഗണിച്ച് വലിയ ജനപ്രവാഹമാണ് എത്തുന്നത്.

പ്രത്യേകിച്ച് വാരാന്ത്യങ്ങളിൽ മേളയിൽ സന്ദർശകരുടെ തിരക്ക് വൻതോതിൽ വർധിച്ചു. ഈന്തപ്പന കൃഷിയുടെ പൈതൃകവും യുഎഇയിലെ കർഷകരുടെ കഠിനാധ്വാനവും ആഘോഷമാക്കുന്ന ഈ മേള നാളെയോടെ സമാപിക്കും.

**15 വിഭാഗങ്ങളിൽ മത്സരം**

രാജ്യത്തെ മികച്ച ഈന്തപ്പഴം ഉത്പാദിപ്പിക്കുന്ന കർഷകരെ കണ്ടെത്തുന്നതിനായി 15 വിഭാഗങ്ങളിലായാണ് മത്സരം സംഘടിപ്പിച്ചത്. മികച്ച ഈന്തപ്പഴം, മികച്ച പാക്കേജിങ്, മികച്ച കൃഷിരീതികൾ എന്നിവയെല്ലാം മത്സരത്തിന്റെ ഭാഗമാണ്.

മൂന്ന് ജനറൽ വിഭാഗങ്ങളിലെ വിജയികളെ ഇതിനകം ആദരിച്ചു. രാജ്യത്തെ ഈന്തപ്പഴ കർഷകരുടെ മികവിന് അംഗീകാരം നൽകുന്ന പ്രധാന വേദി കൂടിയാണ് ഈ ഫെസ്റ്റിവൽ.ഇത്തവണത്തെ പ്രത്യേകത ‘ഹോം ഡേറ്റ്’ മത്സരം കൂടി ഉൾപ്പെടുത്തിയതാണ്.

വീടുകളിൽ ഈന്തപ്പഴം കൃഷി ചെയ്യുന്നവർക്കായി പ്രത്യേകം ഒരുക്കിയ ഈ വിഭാഗത്തിൽ ഉയർന്ന സ്കോർ നേടുന്നവർക്ക് പ്രത്യേക പുരസ്കാരങ്ങൾ നൽകും. സാധാരണ കർഷകർക്ക് പുറമെ വീട്ടുതോട്ടം പ്രേമികളെയും ഈ മത്സരം വലിയ രീതിയിൽ ആകർഷിച്ചു.പൈതൃകവും പഠനവും

ഈന്തപ്പഴത്തിന്റെ കൃഷിരീതികൾ, വിവിധ ഇനങ്ങൾ, സംസ്കരണ രീതികൾ എന്നിവ അടുത്തറിയാനുള്ള ശിൽപശാലകളും പഠന സെഷനുകളും മേളയുടെ പ്രധാന ആകർഷണമാണ്. കുട്ടികൾക്കും കുടുംബങ്ങൾക്കും ഒപ്പം കൃഷി വിദഗ്ധർക്കും പ്രയോജനകരമായ നിരവധി പരിപാടികൾ ഇവിടെ നടക്കുന്നുണ്ട്.

പാരമ്പര്യ ഭക്ഷണങ്ങളുടെ സ്റ്റാളുകൾ, ഈന്തപ്പഴം ഉപയോഗിച്ച് തയ്യാറാക്കിയ വിവിധ ഉൽപന്നങ്ങളുടെ പ്രദർശനം, സാംസ്കാരിക പരിപാടികൾ എന്നിവയും സന്ദർശകർക്ക് ഒരുക്കിയിട്ടുണ്ട്.യുഎഇയുടെ ദേശീയ വൃക്ഷമായ ഈന്തപ്പനയുടെ പ്രാധാന്യം പുതലമുറയ്ക്ക് പരിചയപ്പെടുത്തുക എന്നതും ഈ മേളയുടെ ലക്ഷ്യമാണ്.

വേനൽ അവധിക്കാലത്ത് കുടുംബത്തോടൊപ്പം പോകാവുന്ന മികച്ച ഒരു സ്ഥലം കൂടിയാണ് ഖലഅത്ത് അൽ റിമാൽ.നാളെ സമാപിക്കുന്ന മേള കാണാൻ ഇനിയും അവസരമുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/374529/dubai-dates-festival-2026-khalat-al-rimal-al-ain-road)