#Oman News #Oman Customs #Prohibited Items Oman #Royal Oman Police #Malayali In Oman #Travel To Oman
മസ്കത്ത്: ഒമാനിലേക്ക് യാത്ര ചെയ്യുന്നവർക്കായി കർശന മുന്നറിയിപ്പുമായി റോയൽ ഒമാൻ പൊലീസ്. നിരോധിത വസ്തുക്കൾ കൊണ്ടുവരുന്നവർക്കും ഇറക്കുമതി ചെയ്യുന്നവർക്കും കടുത്ത നിയമനടപടികൾ നേരിടേണ്ടിവരുമെന്ന് കസ്റ്റംസ് ഡയറക്ടറേറ്റ് ജനറൽ അറിയിച്ചു.
നിരോധിത വസ്തുക്കളുടെ പൂർണ പട്ടികയും അധികൃതർ പുറത്തുവിട്ടു. ലഹരിമരുന്നുകൾ, മനോപ്രേരക വസ്തുക്കൾ, സ്ഫോടക വസ്തുക്കൾ എന്നിവയാണ് പട്ടികയിൽ പ്രധാനമായും ഉള്ളത്. ഇതുകൂടാതെ എല്ലാത്തരം ആയുധങ്ങളും, സൈനിക യൂണിഫോമിനോട് സാമ്യമുള്ള വസ്ത്രങ്ങളും ഉപകരണങ്ങളും കൊണ്ടുവരുന്നതും നിരോധിച്ചിട്ടുണ്ട്.
യഥാർത്ഥ സ്വഭാവം മറച്ചുവെക്കുന്ന വസ്തുക്കൾക്കും വിലക്കുണ്ട്. ഉദാഹരണത്തിന് കുന്തമോ വാളോ ഒളിപ്പിച്ച വടികൾ, യഥാർത്ഥ തോക്കുകളോട് സാമ്യമുള്ള കളിത്തോക്കുകളും പിസ്റ്റളുകളും, റൈഫിൾ സ്കോപ്പുകൾ, നൈറ്റ് വിഷൻ സ്കോപ്പുകൾ, സ്റ്റൺ ഗണുകൾ, ടേസറുകൾ എന്നിവയും നിരോധിത പട്ടികയിലുണ്ട്.
വന്യജീവി സംരക്ഷണ നിയമങ്ങളുടെ ഭാഗമായി ആനക്കൊമ്പ് പോലുള്ള വസ്തുക്കളും കൊണ്ടുവരാൻ പാടില്ല.രാജ്യാന്തര തലത്തിലോ ഒമാനിലോ നിരോധിച്ചിട്ടുള്ളതും, നിലവിലുള്ള രാജ്യാന്തര കരാറുകൾക്കും പ്രാദേശിക നിയമങ്ങൾക്കും വിരുദ്ധവുമായ യാതൊരു വസ്തുവും ഇറക്കുമതി ചെയ്യാൻ അനുമതിയില്ലെന്ന് പൊലീസ് വ്യക്തമാക്കി.

ഇതോടൊപ്പം വ്യാജ ഉൽപന്നങ്ങൾ, കൃത്രിമമായി നിർമിച്ച വസ്തുക്കൾ, അംഗീകൃത ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കാത്ത ഉൽപന്നങ്ങൾ, ബൗദ്ധിക സ്വത്തവകാശങ്ങൾ ലംഘിക്കുന്ന സാധനങ്ങൾ എന്നിവയും ഒമാനിലേക്ക് കൊണ്ടുവരുന്നത് നിയമവിരുദ്ധമാണ്. വിമാനത്താവളങ്ങളിലും മറ്റ് കടൽ-കര അതിർത്തികളിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്.
നിരോധിത സാധനങ്ങളുമായി പിടിക്കപ്പെടുന്നവർക്കെതിരെ കസ്റ്റംസ് നിയമപ്രകാരം കേസെടുക്കുമെന്നും പിഴയും തടവും ഉൾപ്പെടെയുള്ള ശിക്ഷ ലഭിക്കുമെന്നും അധികൃതർ അറിയിച്ചു. ഒമാനിലേക്ക് വരുന്ന മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾ ഇക്കാര്യത്തിൽ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് അഭ്യർഥിക്കുന്നു.
Content Highlight: Oman Customs Ban List 2026: Prohibited Items To Carry To Oman Including Drugs, Weapons, Toys Guns
#Oman News #Oman Customs #Prohibited Items Oman #Royal Oman Police #Malayali In Oman #Travel To Oman






























