#Latest News #Gulf News #Air India Express #Dubai #Flight Ticket Charges
ദുബൈ: രാജ്യാന്തര വിമാന സര്‍വീസുകളില്‍ ഇളവുകളുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ 'എക്‌സ്‌പ്ലോര്‍ മോര്‍' വില്‍പന മേളയ്ക്ക് തുടക്കമായി. ലൈറ്റ്, വാല്യൂ നിരക്കുകളില്‍ 15 ശതമാനം വരെ ഇളവാണ് എയര്‍ലൈന്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ജൂലൈ 9 വരെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. ഈ കാലയളവില്‍ ടിക്കറ്റെടുക്കുന്നവര്‍ക്ക് 2027 മാര്‍ച്ച് 27 വരെയുള്ള യാത്രകള്‍ക്ക് ഇളവ് ലഭിക്കും.
എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ വെബ്സൈറ്റ്, മൊബൈല്‍ ആപ്പ് എന്നിവ വഴി ബുക്ക് ചെയ്യുന്നവര്‍ക്ക് പ്രത്യേക മുന്‍ഗണനയോടെ ആദ്യദിനം തന്നെ ടിക്കറ്റുകള്‍ ലഭ്യമാക്കും. ജൂലൈ ആറു മുതല്‍ രാജ്യത്തെ പ്രമുഖ ബുക്കിങ് കേന്ദ്രങ്ങള്‍ വഴിയും ഇളവുകളോടെ ടിക്കറ്റ് സ്വന്തമാക്കാം.
വെബ്സൈറ്റിലൂടെയും ആപ്പിലൂടെയും ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് പ്രത്യേക സര്‍വീസ് ചാര്‍ജുകള്‍ ഈടാക്കില്ല. കൂടാതെ, യാത്ര ചെയ്യുന്ന തീയതിയില്‍ മാറ്റം വരുത്തണമെന്നുണ്ടെങ്കില്‍ അതിനുള്ള സൗകര്യവും സൗജന്യമായി ലഭിക്കും.

ടാറ്റാ ന്യൂപാസ് അംഗങ്ങള്‍ക്ക് രാജ്യാന്തര ബുക്കിങ്ങുകളില്‍ 500 രൂപ വരെ അധിക ഇളവും ഒപ്പം പ്രത്യേക ആനുകൂല്യങ്ങളും സ്വന്തമാക്കാനാകും.
പശ്ചിമേഷ്യ, തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലെ വിവിധ നഗരങ്ങളിലേക്ക് ഇന്ത്യയില്‍ നിന്ന് ആഴ്ചയില്‍ എണ്ണൂറിലധികം രാജ്യാന്തര സര്‍വീസുകളാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് നടത്തുന്നത്.
ബാങ്കോക്ക്, ഫുക്കറ്റ്, സിംഗപ്പൂര്‍ എന്നിവയ്ക്ക് പുറമെ യുഎഇ, ബഹ്റൈന്‍, കുവൈത്ത്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ എന്നിവയുള്‍പ്പെടെയുള്ള 13 പശ്ചിമേഷ്യന്‍ നഗരങ്ങളിലേക്കും വിമാന സര്‍വീസുകളുണ്ട്.
അടുത്തിടെ നവി മുംബൈ-അബുദാബി, ഗുവാഹത്തി- അബുദാബി, ഗുവാഹത്തി-ദുബായ് എന്നീ മൂന്ന് പുതിയ സര്‍വീസുകളും എയര്‍ലൈന്‍ ആരംഭിച്ചിരുന്നു.
Content Highlight: Air India Express launches 'Explore More' sale with massive offers on flight fares
#Latest News #Gulf News #Air India Express #Dubai #Flight Ticket Charges




































