#Bahrain #social media abuse #High Criminal Court #Terrorist attack
മനാമ: (https://gcc.truevisionnews.com/) ബഹ്‌റൈനെതിരായ ഭീകരാക്രമണങ്ങളെ സോഷ്യൽ മീഡിയയിലൂടെ പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത 12 പേർക്ക് 10 വർഷം തടവുശിക്ഷ വിധിച്ച് ഹൈ ക്രിമിനൽ കോടതി.
ഭീകരവാദ വിരുദ്ധ പ്രോസിക്യൂഷൻ വിഭാഗം മേധാവിയാണ് ഇക്കാര്യം അറിയിച്ചത്. 11 വ്യത്യസ്ത കേസുകളിലായാണ് ഇവർക്ക് ശിക്ഷ ലഭിച്ചത്. ഇറാൻ ബഹ്‌റൈനെതിരെ നടത്തിയ ആക്രമണങ്ങളുടെ കാലയളവിൽ സോഷ്യൽ മീഡിയ വഴി പ്രകോപനപരമായ ഉള്ളടക്കങ്ങൾ പ്രചരിപ്പിച്ചു എന്നതാണ് ഇവർക്കെതിരായ പ്രധാന കുറ്റം.
ആക്രമണങ്ങളെ പിന്തുണക്കുകയും പ്രകീർത്തിക്കുകയും ചെയ്യുക, നിരോധിത പ്രദേശങ്ങൾ ചിത്രീകരിക്കുക, സുരക്ഷാ വിവരങ്ങൾ ചോർത്തുക, തെറ്റായ വാർത്തകളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കുക തുടങ്ങിയ കുറ്റങ്ങളും ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്.
തടവുശിക്ഷക്ക് പുറമെ, കുറ്റക്കാരായ ചിലർക്ക് 2,000 ദീനാർ വീതം പിഴയും കോടതി വിധിച്ചിട്ടുണ്ട്. പിടിച്ചെടുത്ത വസ്തുക്കൾ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു. സൈബർ ക്രൈം വിഭാഗത്തിന് ലഭിച്ച വിവരത്തെത്തുടർന്നാണ് അന്വേഷണം ആരംഭിച്ചത്.
പൊതുജനങ്ങളുടെ മനോവീര്യം തകർക്കാനും ദേശീയ സുരക്ഷക്ക് ഭീഷണി സൃഷ്ടിക്കാനും ലക്ഷ്യമിട്ട് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി ഇവർ വ്യാജ പ്രചാരണങ്ങൾ നടത്തുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതികളെ തിരിച്ചറിയുകയും, ഇവർ ഉപയോഗിച്ചിരുന്ന ഇലക്ട്രോണിക് ഉപകരണങ്ങൾ ഫോറൻസിക് പരിശോധനക്ക് വിധേയമാക്കുകയും ചെയ്തു.
സാങ്കേതിക തെളിവുകൾ സഹിതം പ്രതികളെ കോടതിയിൽ ഹാജരാക്കുകയായിരുന്നു. തെളിവുകളും പ്രതിഭാഗത്തിന്റെ വാദങ്ങളും പരിശോധിച്ച ശേഷം ഹൈ ക്രിമിനൽ കോടതി അന്തിമ വിധി പുറപ്പെടുവിക്കുകയായിരുന്നു.
Content Highlight: Bahrain, terrorist attack, social media abuse, High Criminal Court
#Bahrain #social media abuse #High Criminal Court #Terrorist attack





































