---
title: "ഇറാൻ ആക്രമണത്തിന് പിന്നാലെ ഇൻഡിഗോയുടെ അടിയന്തര നടപടി; കുവൈത്ത് സർവീസുകൾ പൂർണ്ണമായി നിർത്തിവെച്ചു"
english_title: "IndiGo's emergency action after Iran attack; Kuwait services completely suspended"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/363630/indigos-emergency-action-after-iran-attack-kuwait-services-completely-suspended"
published_at: "2026-06-03T17:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6937e139df85e_indigo.jpg"
keywords: ["LATEST NEWS", "IndiGo's emergency", "Kuwait services", "Iran attack"]
---

# ഇറാൻ ആക്രമണത്തിന് പിന്നാലെ ഇൻഡിഗോയുടെ അടിയന്തര നടപടി; കുവൈത്ത് സർവീസുകൾ പൂർണ്ണമായി നിർത്തിവെച്ചു

> **Lead Summary:** കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഉണ്ടായ മിസൈൽ-ഡ്രോൺ ആക്രമണത്തിന് പിന്നാലെ, കുവൈത്തിലേക്കും തിരിച്ചുമുള്ള എല്ലാ സർവീസുകളും താൽക്കാലികമായി നിർത്തിവെച്ചതായി ഇന്ത്യൻ ബജറ്റ് എയർലൈനായ ഇൻഡിഗോ അറിയിച്ചു. തങ്ങളുടെ ഔദ്യോഗിക 'എക്സ്' അക്കൗണ്ട് വഴിയാണ് എയർലൈൻ ഈ അടിയന്തര യാത്രാ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.

## Article Content

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഉണ്ടായ മിസൈൽ-ഡ്രോൺ ആക്രമണത്തിന് പിന്നാലെ, കുവൈത്തിലേക്കും തിരിച്ചുമുള്ള എല്ലാ സർവീസുകളും താൽക്കാലികമായി നിർത്തിവെച്ചതായി ഇന്ത്യൻ ബജറ്റ് എയർലൈനായ ഇൻഡിഗോ അറിയിച്ചു. തങ്ങളുടെ ഔദ്യോഗിക 'എക്സ്' അക്കൗണ്ട് വഴിയാണ് എയർലൈൻ ഈ അടിയന്തര യാത്രാ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.

പുതിയ അറിയിപ്പ് പ്രകാരം ജൂൺ 4-ാം തീയതി ഉച്ചയ്ക്ക് 12 മണി വരെ കുവൈത്തിലേക്കും തിരിച്ചുമുള്ള എല്ലാ ഇൻഡിഗോ സർവീസുകളും പൂർണ്ണമായി റദ്ദാക്കിയിട്ടുണ്ട്. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ മുൻനിർത്തിയുള്ള മുൻകരുതൽ നടപടിയാണിതെന്ന് കമ്പനി വ്യക്തമാക്കി.

പെട്ടെന്നുണ്ടായ വിമാന സർവീസ് തടസ്സത്തിൽ ഇൻഡിഗോ ഖേദം പ്രകടിപ്പിച്ചു. നിലവിലെ അടിയന്തര സാഹചര്യം സിവിൽ ഏവിയേഷൻ അധികൃതരുമായി ചേർന്ന് കമ്പനി നിരന്തരം നിരീക്ഷിച്ചുവരികയാണ്. വ്യോമപാത സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുന്ന മുറയ്ക്ക് സർവീസുകൾ പുനരാരംഭിക്കുമെന്ന് എയർലൈൻ അറിയിച്ചു.

യാത്രക്കാർ വിമാനത്താവളങ്ങളിലേക്ക് പുറപ്പെടുന്നതിന് മുൻപ് തങ്ങളുടെ ഫ്ലൈറ്റ് സ്റ്റാറ്റസ് കൃത്യമായി പരിശോധിക്കണമെന്ന് ഇൻഡിഗോ നിർദ്ദേശിച്ചു. സർവീസുകൾ റദ്ദാക്കപ്പെട്ട യാത്രക്കാർക്ക് രണ്ട് ഓപ്ഷനുകളാണ് എയർലൈൻ നൽകുന്നത്.

യാത്രാ തീയതി മാറ്റാൻ ആഗ്രഹിക്കുന്നവർക്ക് മറ്റ് സുരക്ഷിത തീയതികളിലേക്ക് അധിക ചാർജ് ഈടാക്കാതെ ടിക്കറ്റ് മാറ്റി നൽകും.  യാത്ര റദ്ദാക്കാൻ ആഗ്രഹിക്കുന്നവർക്ക് ടിക്കറ്റ് തുക പൂർണ്ണമായി തിരികെ നൽകും. ഇതിനായുള്ള നടപടികൾക്കായി യാത്രക്കാർക്ക് ഇൻഡിഗോയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്. പ്രതിസന്ധി ഘട്ടത്തിൽ യാത്രക്കാർ സഹകരിക്കണമെന്നും എയർലൈൻ അഭ്യർത്ഥിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/363630/indigos-emergency-action-after-iran-attack-kuwait-services-completely-suspended)