---
title: "കുവൈത്തിൽ ട്രാഫിക് നിയമലംഘകർക്കെതിരെ കടുത്ത നടപടി; ഒരാഴ്ചയ്ക്കുള്ളിൽ പതിനയ്യായിരത്തിലധികം കേസുകൾ, 33 പേർ അറസ്റ്റിൽ"
english_title: "Strict action against traffic violators in Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/362535/strict-action-against-traffic-violators-in-kuwait"
published_at: "2026-05-29T15:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1962e714740_21.jpg"
keywords: ["Latest News", "Kuwait", "Traffic Law", "Arrest"]
---

# കുവൈത്തിൽ ട്രാഫിക് നിയമലംഘകർക്കെതിരെ കടുത്ത നടപടി; ഒരാഴ്ചയ്ക്കുള്ളിൽ പതിനയ്യായിരത്തിലധികം കേസുകൾ, 33 പേർ അറസ്റ്റിൽ

> **Lead Summary:** **കുവൈത്ത് സിറ്റി: [**രാജ്യത്തെ റോഡുകളിൽ സുരക്ഷയും സുഗമമായ ഗതാഗതവും ഉറപ്പാക്കുന്നതിന്റെ ഭാഗമായി കുവൈത്ത് ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് സെക്ടർ കഴിഞ്ഞ ഒരാഴ്ചയായി നടത്തിവന്ന കടുത്ത സുരക്ഷാ പരിശോധനകളിൽ പതിനായിരക്കണക്കിന് നിയമലംഘനങ്ങൾ കണ്ടെത്തി.

## Article Content

**കുവൈത്ത് സിറ്റി: [**രാജ്യത്തെ റോഡുകളിൽ സുരക്ഷയും സുഗമമായ ഗതാഗതവും ഉറപ്പാക്കുന്നതിന്റെ ഭാഗമായി കുവൈത്ത് ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് സെക്ടർ കഴിഞ്ഞ ഒരാഴ്ചയായി നടത്തിവന്ന കടുത്ത സുരക്ഷാ പരിശോധനകളിൽ പതിനായിരക്കണക്കിന് നിയമലംഘനങ്ങൾ കണ്ടെത്തി.

സെക്ടർ തലവൻ ബ്രിഗേഡിയർ അബ്ദുള്ള അൽ അതീഖിയുടെ നേരിട്ടുള്ള നിർദ്ദേശപ്രകാരം വിവിധ ഗവർണറേറ്റുകളിൽ നടത്തിയ മിന്നൽ ക്യാമ്പയിനുകളിൽ വൻ തോതിലുള്ള നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്.

ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ഒമർ അൽ സാരി, എമർജൻസി പൊലീസ് ജനറൽ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ റാഷിദ് അൽ ഹാജരി, അസിസ്റ്റന്റ് ബ്രിഗേഡിയർ ഹംലാൻ അൽ ഹംലാൻ എന്നിവർ നേരിട്ട് ഫീൽഡിലിറങ്ങിയാണ് ഈ സുപ്രധാന പരിശോധനകൾക്ക് മേൽനോട്ടം വഹിച്ചത്.

കഴിഞ്ഞ ഒരാഴ്ചത്തെ പരിശോധനകളിൽ മാത്രം ആകെ 15,373 ട്രാഫിക് നിയമലംഘനങ്ങളാണ് അധികൃതർ രജിസ്റ്റർ ചെയ്തത്. പൊതുജനങ്ങൾക്കും മറ്റ് വാഹനങ്ങൾക്കും ഭീഷണിയാകുംവിധം റോഡുകളിൽ അശ്രദ്ധമായും അപകടകരമായും വണ്ടിയോടിച്ച 33 പേരെ പൊലീസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു.

ഗുരുതരമായ നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് 185 കാറുകളും 18 മോട്ടോർ സൈക്കിളുകളും കസ്റ്റഡിയിലെടുത്ത് പ്രത്യേക ഗാരേജിലേക്ക് മാറ്റിയിട്ടുണ്ട്. ഡ്രൈവിംഗ് ലൈസൻസ് ഇല്ലാതെ നിയമവിരുദ്ധമായി വാഹനമോടിച്ചതിന് പിടിയിലായ 12 പ്രായപൂർത്തിയാകാത്ത കുട്ടികളെ തുടർനടപടികൾക്കായി ജുവനൈൽ പ്രൊസിക്യൂഷന് കൈമാറുകയും ചെയ്തു.

ആറ് ഗവർണറേറ്റുകളിലെയും ട്രാഫിക് മൂവ്‌മെന്റ് വിഭാഗങ്ങൾ, ട്രാഫിക് ഓപ്പറേഷൻസ് ഡിപ്പാർട്ട്‌മെന്റ്, ട്രാഫിക് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് എന്നിവ സംയുക്തമായി നടത്തിയ പട്രോളിംഗാണ് ഈ വലിയ സുരക്ഷാ ദൗത്യം വിജയകരമാക്കിയതെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിലെ ട്രാഫിക് അവയർനസ് വിഭാഗം ഡയറക്ടർ കേണൽ ഫഹദ് അൽ ഈസ വാർത്താക്കുറിപ്പിൽ അറിയിച്ചു.

വരും ദിവസങ്ങളിലും രാജ്യത്തെ റോഡുകളിൽ കർശനമായ നിരീക്ഷണം തുടരുമെന്നും ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത കടുത്ത നടപടികൾ ഉണ്ടാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/362535/strict-action-against-traffic-violators-in-kuwait)