---
title: " വീഴല്ലേ സൂക്ഷിക്കണേ ...; റോയൽ ഒമാൻ പൊലീസിന്റെ പേരിൽ വ്യാജ റിക്രൂട്ട്‌മെന്റ്"
english_title: "Fake recruitment in the name of Royal Oman Police"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/359003/fake-recruitment-in-the-name-of-royal-oman-police"
published_at: "2026-05-12T20:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a034777cebfb_oman.jpg"
keywords: []
---

#  വീഴല്ലേ സൂക്ഷിക്കണേ ...; റോയൽ ഒമാൻ പൊലീസിന്റെ പേരിൽ വ്യാജ റിക്രൂട്ട്‌മെന്റ്

> **Lead Summary:** മസ്കത്ത്: റോയൽ ഒമാൻ പൊലീസിന്റെ പേരിൽ സോഷ്യൽ മീഡിയ വഴിയും ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴിയും നടക്കുന്ന വ്യാജ റിക്രൂട്ട്‌മെന്റ് തട്ടിപ്പുകൾക്കെതിരെ പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി ആർ.ഒ.പി. പൊലീസിൽ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർഥികളെ കബളിപ്പിക്കുന്ന പുതിയ തട്ടിപ്പ് രീതികൾ ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് അധികൃതർ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചത്.

## Article Content

മസ്കത്ത്: റോയൽ ഒമാൻ പൊലീസിന്റെ പേരിൽ സോഷ്യൽ മീഡിയ വഴിയും ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴിയും നടക്കുന്ന വ്യാജ റിക്രൂട്ട്‌മെന്റ് തട്ടിപ്പുകൾക്കെതിരെ പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി ആർ.ഒ.പി. പൊലീസിൽ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർഥികളെ കബളിപ്പിക്കുന്ന പുതിയ തട്ടിപ്പ് രീതികൾ ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് അധികൃതർ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചത്.

റോയൽ ഒമാൻ പൊലീസിന്റെ ഔദ്യോഗിക ലോഗോയും വിവരങ്ങളും ദുരുപയോഗം ചെയ്ത് വ്യാജ തൊഴിൽ പരസ്യങ്ങൾ നൽകിയാണ് തട്ടിപ്പുകാർ ഇരകളെ കണ്ടെത്തുന്നത്.

ഇത്തരം ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നവരേയും വിവരങ്ങൾ കൈമാറുന്നവരേയും സാമ്പത്തിക തട്ടിപ്പിന് ഇരയാക്കുകയാണ് ഇവരുടെ ലക്ഷ്യമെന്ന് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം (DGICR) വ്യക്തമാക്കി.

ഓൺലൈനിൽ പ്രചരിക്കുന്ന തൊഴിൽ പരസ്യങ്ങളുടെ ഉറവിടം കൃത്യമായി പരിശോധിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. ഔദ്യോഗികമല്ലാത്ത വെബ്‌സൈറ്റുകളോ സംശയാസ്പദമായ ലിങ്കുകളോ വഴി അപേക്ഷ സമർപ്പിക്കരുതെന്നും നിർദേശമുണ്ട്

സംശയാസ്പദമായ രീതിയിലുള്ള ഏതെങ്കിലും തരത്തിലുള്ള പരസ്യങ്ങളോ പ്രവർത്തനങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ബന്ധപ്പെട്ട അധികൃതരെ അറിയിക്കണമെന്ന് റോയൽ ഒമാൻ പൊലീസ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

ഔദ്യോഗിക അറിയിപ്പുകൾക്കും തൊഴിൽ അപേക്ഷകൾക്കും ഒമാൻ പൊലീസിന്റെയും തൊഴിൽ മന്ത്രാലയത്തിന്റെയും ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കാൻ താമസക്കാർ ശ്രദ്ധിക്കണമെന്ന് ആർ.ഒ.പി അഭ്യർഥിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/359003/fake-recruitment-in-the-name-of-royal-oman-police)