അബൂദബി: ( gcc.truevisionnews.com )യുഎഇയിൽ വരും ദിവസങ്ങളിൽ ശക്തമായ പൊടിക്കാറ്റിനും കടൽക്ഷോഭത്തിനും സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അന്തരീക്ഷം പൊതുവെ തെളിഞ്ഞ നിലയിലായിരിക്കുമെങ്കിലും കാറ്റ് വീശുന്നതോടെ ഉൾപ്രദേശങ്ങളിൽ പൊടിപടലങ്ങൾ ഉയരാൻ സാധ്യതയുണ്ട്. വടക്കുപടിഞ്ഞാറൻ, തെക്കുപടിഞ്ഞാറൻ കാറ്റ് ശക്തമാകുന്നതാണ് പൊടിപടലങ്ങൾ ഉയരാൻ കാരണമാകുന്നത്.
മണിക്കൂറിൽ 25 കിലോമീറ്റർ വരെ വേഗതയിൽ വീശുന്ന കാറ്റ് ചിലയിടങ്ങളിൽ 40 കിലോമീറ്റർ വരെ വേഗത കൈവരിച്ചേക്കാം. അറേബ്യൻ ഗൾഫിൽ ഇന്നും തിങ്കളാഴ്ച പകലും കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ട്. അതേസമയം ഒമാൻ കടൽ താരതമ്യേന ശാന്തമായിരിക്കും. തീരപ്രദേശങ്ങളിലും ദ്വീപുകളിലും താപനില 33 ഡിഗ്രി സെൽഷ്യസിനും 38 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും. ഉൾപ്രദേശങ്ങളിൽ ചൂട് 43 ഡിഗ്രി വരെ ഉയർന്നേക്കാം. മലയോര മേഖലകളിൽ 29 മുതൽ 34 ഡിഗ്രി വരെയാണ് താപനില പ്രതീക്ഷിക്കുന്നത്. ആഴ്ച മധ്യത്തോടെ താപനിലയിൽ വീണ്ടും വർധനയുണ്ടാകും.
തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ പുലർച്ചെയും രാത്രിയിലും തീരപ്രദേശങ്ങളിൽ ഈർപ്പം വർധിക്കാനും വടക്കൻ മേഖലകളിൽ നേരിയ മൂടൽമഞ്ഞ് രൂപപ്പെടാനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. ബുധനാഴ്ചയോടെ കാറ്റിന്റെ വേഗത കുറയുകയും കടൽ ശാന്തമാകുകയും ചെയ്യുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Strong dust storms and rough seas likely in UAE































