ദുബൈ: ( gcc.truevisionnews.com ) മെട്രോ സ്റ്റേഷനുകളിൽ നിന്ന് മാളുകളിലേക്കും താമസസ്ഥലങ്ങളിലേക്കും പോകാൻ ഇനി നടന്ന് ക്ഷീണിക്കേണ്ടതില്ല. അവസാന മൈൽ യാത്രകൾക്കായി മെട്രോ സ്റ്റേഷനുകളിലെ പാർക്കിങ് കേന്ദ്രങ്ങളിൽ ഡ്രൈവറില്ലാ കാറുകൾ ലഭ്യമാക്കുന്ന നൂതന പദ്ധതി ദുബായ് അവതരിപ്പിക്കുന്നു.
ദുബായിലെ പെയ്ഡ് പാർക്കിങ് നിയന്ത്രണ സ്ഥാപനമായ 'പാർക്കിനും' ഡ്രൈവറില്ലാ വാഹനങ്ങൾ വികസിപ്പിക്കുന്ന 'ഗ്ലൈഡ്‌വേയ്സും' ചേർന്നാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഇതുസംബന്ധിച്ച കരാറിൽ ഇരു സ്ഥാപനങ്ങളും ഒപ്പുവെച്ചു.
മെട്രോ സ്റ്റേഷനുകൾക്ക് സമീപത്ത് പാർക്കിൻ നിയന്ത്രണത്തിനുള്ള ചില പാർക്കിങ് സ്ഥലങ്ങളിലായിരിക്കും തുടക്കത്തിൽ ഈ സേവനം ലഭ്യമാവുക. ഇതിനായി പാർക്കിങ് മേഖലകളെ മൾട്ടിമോഡൽ മൊബൈലിറ്റി ഹബുകളാക്കി മാറ്റും. ഗ്ലൈഡ്കാറുകൾ എന്നറിയപ്പെടുന്ന ഡ്രൈവറില്ലാ കാറുകളാണ് ഇവിടെ നിന്ന് സർവിസ് നടത്തുക.
പ്രത്യേകം രൂപകൽപന ചെയ്ത ഗൈഡ്‌വേകളിലൂടെയായിരിക്കും ഗ്ലൈഡ്കാറുകളുടെ സഞ്ചാരമെന്നതിനാൽ റോഡുകളിലെ ഗതാഗത കുരുക്കിലകപ്പെടില്ല. കാരണം തറനിരപ്പിൽ ഉയർത്താൻ കഴിയുന്ന ഭാരം കുറഞ്ഞ ഘടനകളാണ് ഉപയോഗിക്കുക. ലക്ഷ്യസ്ഥാനങ്ങളിലേക്ക് നേരിട്ടോ, ആവശ്യാനുസരണമോ നോൺ സ്റ്റോപ്പോ ആയി യാത്ര ചെയ്യാവുന്ന രീതിയിലായിരിക്കും സർവിസ്.
പരമാവധി ആറ് പേർക്ക് യാത്ര ചെയ്യാൻ കഴിയുന്ന കാറുകൾ മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ സഞ്ചരിക്കും. പരീക്ഷണാടിസ്ഥാനത്തിൽ നഗരത്തിൽ സ്വയം നിയന്ത്രണ ഗതാഗത ശൃംഖല സ്ഥാപിക്കുന്നതിനായി നേരത്തെ ആർ.ടി.എ ഗ്ലൈഡ്വേഴ്സുമായി കരാർ ഒപ്പുവെച്ചിരുന്നു.
ചെറിയ നഗര യാത്രകൾക്കായി രൂപകൽപന ചെയ്തിരിക്കുന്ന കോംപാക്ട് ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിച്ച് ബ്ലൂവാട്ടേഴ്സ് ഐലൻഡ്, മദീനത്ത് ജുമൈറ, ദുബൈ ഫെസ്റ്റിവൽ സിറ്റി തുടങ്ങിയ ഗതാഗത തിരക്കേറിയ പ്രദേശങ്ങളുമായി മെട്രോ സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്നതാണ് പദ്ധതി.
ഇത് ഉപയോഗപ്പെടുത്തിക്കൊണ്ടാണ് പാർക്കിൻ നൂതനമായ യാത്ര സേവനം ലഭ്യമാക്കുക. പാർക്കിനിന്‍റെ അനുബന്ധ സ്ഥാപനമായ പാർക്കിൻ മൊബിലിറ്റിക്കായിരിക്കും പ്രവർത്തന ചുമതല. ബഹുനില പാർക്കിങ് കെട്ടിടങ്ങളിൽ നിന്നായിരിക്കും ഗ്ലൈഡ്കാറുകൾ പ്രവർത്തിക്കുകയെന്ന് പാർക്കിൻ അറിയിച്ചു.
പാർക്കിനിന്‍റെ ആപ്ലിക്കേഷൻ, വൈബ്സൈറ്റ് എന്നിവ ഉപയോഗിച്ച് യാത്രകൾ ബുക്ക് ചെയ്യാം. സർവിസ് സമയം, റൂട്ടുകൾ, ലക്ഷ്യസ്ഥാനത്ത് എത്തുന്ന സമയം എന്നിവയും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ നിന്ന് ലഭ്യമാകും.
No more walking; Dubai Metro passengers will now be able to use driverless cars





































