മക്ക: (gcc.truevisionnews.com ) വിശുദ്ധ നഗരമായ മക്കയിലെ അൽ ഹജ്‌ല ഡിസ്ട്രിക്റ്റിലുള്ള അൽ മൻഷിയ പ്രദേശത്ത് ആളൊഴിഞ്ഞ കെട്ടിടം തകർന്നു വീണു. ശനിയാഴ്ച പുലർച്ചെയായിരുന്നു അപകടം. നേരത്തെ തന്നെ പൊളിച്ചുനീക്കാൻ അധികൃതർ ഉത്തരവിട്ടിരുന്ന പഴയ കെട്ടിടമാണ് തകർന്നതെന്ന് മക്ക നഗരസഭ അറിയിച്ചു.
അപകടവിവരം ലഭിച്ച ഉടൻ നഗരസഭാ അധികൃതരും സുരക്ഷാ വിഭാഗങ്ങളും ചേർന്ന് അടിയന്തര രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു. മുൻകരുതൽ നടപടിയുടെ ഭാഗമായി തകർന്ന കെട്ടിടത്തിന് സമീപത്തെ ഹോട്ടലുകളിൽ നിന്നും താമസസ്ഥലങ്ങളിൽ നിന്നും ആളുകളെ ഉടനടി ഒഴിപ്പിച്ചു. തീർത്ഥാടകരുടെയും മറ്റ് താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനാണ് അതിവേഗത്തിലുള്ള ഈ നടപടിയെന്ന് നഗരസഭ വ്യക്തമാക്കി. ആൾതാമസമില്ലാത്ത കെട്ടിടമായതിനാൽ വലിയ അപകടം ഒഴിവായി.
അപകടത്തിൽ ആർക്കും പരിക്കേൽക്കുകയോ ജീവഹാനി സംഭവിക്കുകയോ ചെയ്തിട്ടില്ലെന്ന് അധികൃതർ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ആൾതാമസമില്ലാത്ത കെട്ടിടമായതിനാലാണ് വലിയൊരു അപകടം ഒഴിവായത്. നിലവിൽ കെട്ടിടാവശിഷ്ടങ്ങൾ നീക്കം ചെയ്യാനുള്ള പ്രവൃത്തികൾ പുരോഗമിക്കുകയാണ്.
പൊതുജന സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ഫീൽഡ് ടീമുകൾ പ്രദേശത്ത് ക്യാമ്പ് ചെയ്ത് വരികയാണെന്നും ആവശ്യമായ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പൂർത്തിയാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾ സംയുക്തമായി പ്രവർത്തിക്കുന്നുണ്ടെന്നും നഗരസഭാ വൃത്തങ്ങൾ അറിയിച്ചു.
Building collapses in Al Manshia, Mecca




































