---
title: "വിദ്യാര്‍ത്ഥികള്‍ തിരിച്ചെത്തും, യു.എ.ഇയില്‍ സ്‌കൂളുകള്‍ ഇന്ന് വീണ്ടും തുറക്കുന്നു; സുരക്ഷയ്ക്ക് മുന്‍ഗണന"
english_title: "Schools reopen in the UAE today"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/354331/schools-reopen-in-the-uae-today"
published_at: "2026-04-20T10:40:00+05:30"
category: "Gulf Focus"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e5b59395d3d_reopen_school.jpg"
keywords: []
---

# വിദ്യാര്‍ത്ഥികള്‍ തിരിച്ചെത്തും, യു.എ.ഇയില്‍ സ്‌കൂളുകള്‍ ഇന്ന് വീണ്ടും തുറക്കുന്നു; സുരക്ഷയ്ക്ക് മുന്‍ഗണന

> **Lead Summary:** **ദുബൈ: [**ഒരു മാസത്തിലേറെ നീണ്ട വിദൂര പഠനത്തിനുശേഷം യു.എ.ഇയിലുടനീളമുള്ള സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ ഇന്ന് ക്ലാസ് മുറികളില്‍ തിരിച്ചെത്തും. നഴ്‌സറികള്‍, പൊതുസ്വകാര്യ സ്‌കൂളുകള്‍, കോളേജുകള്‍, സര്‍വകലാശാലകള്‍ തുടങ്ങി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും കാമ്പസ് പഠനത്തിലേക്ക് തിരിച്ചെത്തുകയാണ്.

## Article Content

**ദുബൈ: [**ഒരു മാസത്തിലേറെ നീണ്ട വിദൂര പഠനത്തിനുശേഷം യു.എ.ഇയിലുടനീളമുള്ള സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ ഇന്ന് ക്ലാസ് മുറികളില്‍ തിരിച്ചെത്തും. നഴ്‌സറികള്‍, പൊതുസ്വകാര്യ സ്‌കൂളുകള്‍, കോളേജുകള്‍, സര്‍വകലാശാലകള്‍ തുടങ്ങി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും കാമ്പസ് പഠനത്തിലേക്ക് തിരിച്ചെത്തുകയാണ്.

കര്‍ശനമായ സുരക്ഷാ മാനദണ്ഡങ്ങളോടെയാണ് ക്ലാസ് മുറികളിലെ പഠനം പുനരാരംഭിക്കാന്‍ അനുമതി നല്‍കിയത്. യാത്രയിലും കാമ്പസുകളിലും വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കണം. ഇതിനായി ബന്ധപ്പെട്ട അധികാരികള്‍ നേരിട്ടെത്തി പരിശോധന നടത്തും. അധ്യാപകര്‍ ഉള്‍പ്പെടെ മുഴുവന്‍ ജീവനക്കാര്‍ക്കും സുരക്ഷാ മുന്‍കരിതല്‍ സംബന്ധിച്ച് ക്ലാസുകള്‍ നല്‍കിവരുന്നു.

സുരക്ഷാ നിബന്ധനകള്‍ പാലിച്ചതിനുശേഷം മാത്രമേ പ്രവര്‍ത്തന അംഗീകാരം നല്‍കൂ എന്ന് ദുബൈയിലെ വിദ്യാഭ്യാസ വിഭാഗം അധികൃതര്‍ വ്യക്തമാക്കി. രാജ്യത്തെ എല്ലാ പൊതു, സ്വകാര്യ സ്‌കൂളുകളിലുമുള്ള ബസ് സര്‍വീസുകള്‍ ഇന്ന് മുതല്‍ പുനരാരംഭിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.

ദുബായ് യൂണിവേഴ്‌സിറ്റിയിലും ഷാര്‍ജയിലെ അമേരിക്കന്‍ സര്‍വകലാശാലയിലും ഇന്ന് മുതല്‍ കാമ്പസ് പഠനം പുനരാംഭിക്കും. എന്നാല്‍, ദുബൈയിലെ മിഡില്‍സെക്‌സ് യൂണിവേഴ്‌സിറ്റി ഉള്‍പ്പെടെ ഏതാനും സര്‍വകലാശാലകള്‍ ഓണ്‍ലൈന്‍ പഠനം തുടരും. സ്വകാര്യ സ്‌കൂളുകള്‍ക്ക് ആവശ്യമുള്ളപ്പോള്‍ ഒരു ഹൈബ്രിഡ് റൊട്ടേഷന്‍ മോഡല്‍ സ്വീകരിക്കാന്‍ സ്വാതന്ത്ര്യമുണ്ടാകും.

യു.എ.ഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഇറാന്‍ വ്യോമാക്രമണങ്ങള്‍ നടത്തിയതോടെയാണ് ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക് മാറിയത്. ഫെബ്രുവരി 28നാണ് യു.എസ്ഇസ്രായേല്‍ ഇറാന്‍ യുദ്ധം ആരംഭിച്ചത്. മുന്‍കരുതല്‍ നടപടിയായി മാര്‍ച്ച് 2 ന് യു.എ.ഇ വിദൂര പഠനം ഏര്‍പ്പെടുത്തി. വിദ്യാര്‍ത്ഥികളുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കി വിദൂര പഠനം ഘട്ടംഘട്ടമായി നീട്ടുകയായിരുന്നു. തുടക്കത്തില്‍ വിദേശയാത്ര നടത്തിയ ചില കുടുംബങ്ങള്‍ ഇപ്പോഴും വിദേശത്താണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/354331/schools-reopen-in-the-uae-today)