---
title: "   ശ്രദ്ധിക്കുക ...; ന്യൂന മർദ്ദം രൂപപ്പെടുന്നു; ഒമാനിൽ വെള്ളിയാഴ്ച മുതൽ മഴക്ക് സാധ്യത"
english_title: "Rain likely in Oman from Friday"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/348469/rain-likely-in-oman-from-friday"
published_at: "2026-03-18T19:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69bab2559c5f0_OAMN.jpg"
keywords: []
---

#    ശ്രദ്ധിക്കുക ...; ന്യൂന മർദ്ദം രൂപപ്പെടുന്നു; ഒമാനിൽ വെള്ളിയാഴ്ച മുതൽ മഴക്ക് സാധ്യത

> **Lead Summary:** **മസ്‌കത്ത്: ** ന്യൂന മർദ്ദം രൂപപ്പെടുന്നതിനാൽ സുൽത്താനേറ്റിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളിയാഴ്ച മുതൽ മഴ ലഭിക്കാനിടയുണ്ടെന്ന് കാലാവസ്ഥ പ്രവചനം. വിവിധ ഗവർണറേറ്റുകളിലായി വ്യത്യസ്ത തോതിൽ മഴ ലഭിക്കാമെന്നും ചില പ്രദേശങ്ങളിൽ ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട മഴക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

## Article Content

**മസ്‌കത്ത്: ** ന്യൂന മർദ്ദം രൂപപ്പെടുന്നതിനാൽ സുൽത്താനേറ്റിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളിയാഴ്ച മുതൽ മഴ ലഭിക്കാനിടയുണ്ടെന്ന് കാലാവസ്ഥ പ്രവചനം. വിവിധ ഗവർണറേറ്റുകളിലായി വ്യത്യസ്ത തോതിൽ മഴ ലഭിക്കാമെന്നും ചില പ്രദേശങ്ങളിൽ ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട മഴക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ദേശീയ മൾട്ടി-ഹസാർഡ് എർലി വാർണിങ് സെന്ററിലെ ഉദ്യോഗസ്ഥർ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും വൈകാതെ കൂടുതൽ വിവരങ്ങൾ നൽകുമെന്നും അവർ വ്യക്തമാക്കി. ഇതുവരെ പ്രാഥമിക പ്രവചനത്തിന് പുറമെ മറ്റ് മുന്നറിയിപ്പുകളൊന്നും പുറത്തിറക്കിയിട്ടില്ല.

കഴിഞ്ഞ ദിവസങ്ങളിലായി രാജ്യത്ത് താപനില ഉയർന്ന സാഹചര്യത്തിൽ പ്രതീക്ഷിക്കുന്ന മഴ ജനങ്ങൾക്ക് ആശ്വാസമാവും. സിവിൽ ഏവിയേഷൻ അതോറിറ്റി പുറത്തുവിട്ട കണക്കുകൾപ്രകാരം നിരവധി പ്രദേശങ്ങളിൽ താപനില 40 ഡിഗ്രി സെൽഷ്യസിനോടടുത്ത് രേഖപ്പെടുത്തി.

ചൊവ്വാഴ്ച ബർക്കയിലാണ് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത്; 39.9 ഡിഗ്രി സെൽഷ്യസ്. വാദി അൽ മാവിൽ, അൽ കാമിൽ വൽ വാഫി എന്നിവിടങ്ങളിൽ 39.2 ഡിഗ്രി വീതവും മഹൂത്തിൽ 39.1 ഡിഗ്രിയും ജലാൻ ബാനി ബു അലി പ്രദേശത്ത് 39.0 ഡിഗ്രിയും രേഖപ്പെടുത്തി. ഹംറ അൽ ദുരു, യാലൂനി, റുസ്താഖ്, സുവൈഖ്, ബിദിയ എന്നീ പ്രദേശങ്ങളിൽ താപനില 38.3 ഡിഗ്രി സെൽഷ്യസ് മുതൽ 38.7 ഡിഗ്രി സെൽഷ്യസ് വരെയായി.

ഇപ്പോഴുള്ള ചൂട് കാലാവസ്ഥ മാറ്റത്തിന്റെ ഭാഗമാണെന്നും അടുത്ത ദിവസങ്ങളിലും രാജ്യത്തിന്റെ പലഭാഗങ്ങളിലും ഉയർന്ന താപനില തുടരുന്നതിനൊപ്പം ഇടക്കിടെ മഴക്കുള്ള സാധ്യതയും നിലനിൽക്കുമെന്നും കാലാവസ്ഥ കേന്ദ്രങ്ങൾ അറിയിച്ചു. ഉച്ച സമയങ്ങളിൽ പ്രത്യേക ശ്രദ്ധ പുലർത്തുക, ശരീരത്തിൽ മതിയായ ജലാംശം ഉറപ്പാക്കുക, ദീർഘസമയം പുറത്തു ചെലവഴിക്കുന്നത് ഒഴിവാക്കുക തുടങ്ങിയ ജാഗ്രത നിർദേശങ്ങളും അധികൃതർ പൊതുജനങ്ങൾക്കായി പുറപ്പെടുവിച്ചു. ഔദ്യോഗിക കാലാവസ്ഥ അറിയിപ്പുകൾ പിന്തുടരണമെന്നും അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/348469/rain-likely-in-oman-from-friday)