---
title: "ഒമാനിൽ കര-കടൽ-വ്യോമ ഗതാഗതം സുഗമം; മന്ത്രാലയത്തിന്റെ അറിയിപ്പ് പുറത്തിറങ്ങി"
english_title: "Oman: Land, sea and air transport to be facilitated; Ministry's announcement released"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/346905/oman-land-sea-and-air-transport-to-be-facilitated-ministrys-announcement-released"
published_at: "2026-03-10T22:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b051c6a3fb4_car.jpg"
keywords: []
---

# ഒമാനിൽ കര-കടൽ-വ്യോമ ഗതാഗതം സുഗമം; മന്ത്രാലയത്തിന്റെ അറിയിപ്പ് പുറത്തിറങ്ങി

> **Lead Summary:** **മസ്കത്ത്: ** ഒമാനിലെ കര, കടൽ, വ്യോമ ഗതാഗത സേവനങ്ങൾ തടസ്സമില്ലാതെ തുടരുന്നതായി ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയം അറിയിച്ചു.

## Article Content

**മസ്കത്ത്: ** ഒമാനിലെ കര, കടൽ, വ്യോമ ഗതാഗത സേവനങ്ങൾ തടസ്സമില്ലാതെ തുടരുന്നതായി ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയം അറിയിച്ചു.

രാജ്യത്തെ എല്ലാ ഗതാഗത പ്രവർത്തനങ്ങളും നിലവിൽ സുഗമമാണെന്നും ജനങ്ങളുടെ യാത്രയ്ക്കോ ചരക്ക് നീക്കത്തിനോ യാതൊരുവിധ തടസ്സങ്ങളുമില്ലെന്നും ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

സുൽത്താനേറ്റിലെ ഗതാഗത പ്രവർത്തനങ്ങൾ എല്ലാം ആഗോള നിയന്ത്രണങ്ങൾക്കും മികച്ച പ്രവർത്തനരീതികൾക്കും അനുസൃതമായാണ് നടക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി. അതേസമയം, മേഖലയിലെ സംഘർഷാവസ്ഥയെ തുടർന്ന് ഇറാനെതിരെ ഇസ്രയേലും അമേരിക്കയും നടത്തുന്ന സൈനിക നടപടികൾ ഉടൻ അവസാനിപ്പിക്കണമെന്ന് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി ആവശ്യപ്പെട്ടു.

മേഖലയിൽ തുടരുന്ന സംഘർഷ സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങളിൽ കുടുങ്ങിയ വിദേശ പൗരന്മാർക്ക് സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങാൻ ഒമാൻ സൗകര്യം ഒരുക്കുന്നത് തുടരുകയാണ്.

മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി ഇന്നലെയും ആയിരക്കണക്കിന് യാത്രക്കാരാണ് വിവിധ രാജ്യങ്ങളിലേക്ക് മടങ്ങിയത്. മേഖലയിലെ ചില രാജ്യങ്ങളിൽ വ്യോമാതിർത്തി അടച്ചിടുന്നതും ചില വിമാനക്കമ്പനികൾ സർവീസുകൾ റദ്ദാക്കുന്നതും കാരണം യാത്രക്കാർക്ക് ബുദ്ധിമുട്ടുകൾ നേരിടുന്ന സാഹചര്യത്തിലാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് യാത്ര ചെയ്യേണ്ടവർക്ക് ആശ്വാസമായി ഒമാൻ മുന്നോട്ടുവരുന്നത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/346905/oman-land-sea-and-air-transport-to-be-facilitated-ministrys-announcement-released)