അബുദാബി: ( gcc.truevisionnews.com ) സ്കൂൾ കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിനായി വിട്ടുവീഴ്ചയില്ലാത്ത നടപടികളുമായി അബുദാബി വിദ്യാഭ്യാസ–ജ്ഞാന വകുപ്പ് (അഡെക്). സ്കൂളുകളിൽ വിദ്യാർത്ഥികൾ കൊണ്ടുവരുന്ന ലഞ്ച് ബോക്സുകളിൽ ആരോഗ്യത്തിന് ഹാനികരമായ ഭക്ഷണപദാർത്ഥങ്ങൾ ഉണ്ടാകരുതെന്ന് അധികൃതർ കർശന നിർദ്ദേശം നൽകി. കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ചയ്ക്ക് പോഷകാഹാരം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘ഹെൽത്തി ഈറ്റിങ് ഗൈഡ്‌ലൈൻസ്’ പരിഷ്കരിച്ചത്.
സ്കൂൾ കാന്റീനുകൾക്കും വീട്ടിൽ നിന്ന് കൊണ്ടുവരുന്ന ഭക്ഷണത്തിനും ഈ നിയന്ത്രണങ്ങൾ ബാധകമാണ്. സോഫ്റ്റ് ഡ്രിങ്കുകൾ, എനർജി ഡ്രിങ്കുകൾ, സിറപ്പ് ചേർത്ത ഫ്രൂട്ട് ജ്യൂസുകൾ, കഫീൻ അടങ്ങിയ ചായ, കോഫി (ഐസ്ഡ് കോഫി ഉൾപ്പെടെ), ചോക്ലേറ്റുകൾ (ഡാർക്ക് ചോക്ലേറ്റ് ഒഴികെ), ലൊലിപോപ്പ്, ജെല്ലി, ച്യൂയിങ് ഗം, കോട്ടൺ കാൻഡി, ചിക്കൻ നഗ്ഗറ്റ്സ്, ഫ്രഞ്ച് ഫ്രൈസ്, സമൂസ, കൊഴുപ്പേറിയ ചിപ്സുകൾ, ഹോട്ട് ഡോഗ്, സോസേജ് തുടങ്ങിയ സംസ്കരിച്ച മാംസങ്ങൾ, മയോണൈസ്, കെച്ചപ്പ് (ലോ-ഷുഗർ ഒഴികെ), അമിതമായി ഉപ്പുള്ള അച്ചാറുകൾ, കൃത്രിമ നിറങ്ങൾ, അജിനോമോട്ടോ ചേർത്ത ഭക്ഷണങ്ങൾ, പന്നിമാംസം ചേർന്ന ഉൽപന്നങ്ങൾ, ഹെൽത്ത് ഡ്രിങ്കുകൾ എന്ന പേരിൽ വരുന്ന കൃത്രിമ മധുരപ്പാലുകൾ, അണ്ടിപ്പരിപ്പ് വർഗങ്ങൾ (അലർജി സാധ്യത കണക്കിലെടുത്ത്) എന്നിവയാണ് ലഞ്ച് ബോക്സിൽ ഉൾപ്പെടുത്തുന്നത് നിരോധിച്ചത്.
നിരീക്ഷിക്കാൻ 'സ്കൂൾ നഴ്സ്', നിയമം ലംഘിച്ചാൽ നടപടി
പുതിയ നിയമങ്ങൾ പാലിക്കപ്പെടുന്നുണ്ടോ എന്ന് ഉറപ്പാക്കാൻ സ്കൂളുകളിൽ പ്രത്യേക നിരീക്ഷണ സംവിധാനം ഉണ്ടാകും. സ്കൂൾ നഴ്സിനോ ഹെൽത്ത് ആൻഡ് സേഫ്റ്റി ഓഫിസർക്കോ ആയിരിക്കും ഇതിന്റെ ചുമതല. ആവർത്തിച്ച് നിയമം ലംഘിക്കുന്ന രക്ഷിതാക്കൾക്കും വിദ്യാലയങ്ങൾക്കും എതിരെ കർശന നടപടിയുണ്ടാകും.
ശിശുപരിചരണ കേന്ദ്രങ്ങളിൽ മുലയൂട്ടലിന് പ്രത്യേക സൗകര്യങ്ങൾ ഒരുക്കണമെന്ന് നിർദേശമുണ്ട്. ആറ് മാസത്തിൽ താഴെയുള്ള കുട്ടികൾക്ക് ഡോക്ടറുടെ നിർദേശമില്ലാതെ വെള്ളമോ മറ്റു ഭക്ഷണങ്ങളോ നൽകരുത്. കുട്ടികൾക്ക് ശിക്ഷയായോ പാരിതോഷികമായോ ഭക്ഷണം നൽകുന്ന രീതിയും ഒഴിവാക്കണം.
അബുദാബി വിദ്യാഭ്യാസ വകുപ്പിന്റെ നിയമങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ പിഴയുൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കും. കുട്ടികളുടെ ഉയരവും തൂക്കവും കൃത്യമായ ഇടവേളകളിൽ പരിശോധിച്ച് അവരുടെ ശാരീരിക വളർച്ച രേഖപ്പെടുത്തണമെന്നും പുതിയ നയം വ്യക്തമാക്കുന്നു.
Abu Dhabi imposes strict restrictions to protect children's health




































