---
title: "യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: റെഡ് അലർട്ട്, ഡ്രൈവർമാർക്ക് ജാഗ്രതാ നിർദ്ദേശം"
english_title: "Heavy fog in the UAE Red alert drivers urged to be careful"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/341186/heavy-fog-in-the-uae-red-alert-drivers-urged-to-be-careful"
published_at: "2026-02-10T12:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698ad199f0e4c_uae.jpg"
keywords: []
---

# യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: റെഡ് അലർട്ട്, ഡ്രൈവർമാർക്ക് ജാഗ്രതാ നിർദ്ദേശം

> **Lead Summary:** **അബുദാബി/ദുബായ് : [** രാജ്യം കനത്ത മൂടൽമഞ്ഞിൽ അമർന്നതോടെ യുഎഇയുടെ വിവിധ ഭാഗങ്ങളിൽ റെഡ്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. പുലർച്ചെ മുതൽ അനുഭവപ്പെട്ട കനത്ത മഞ്ഞ് ജനജീവിതത്തെയും ഗതാഗതത്തെയും ബാധിച്ചു. ദൂരക്കാഴ്ച പരിധി കുറഞ്ഞ സാഹചര്യത്തിൽ വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (എൻസിഎം) അറിയിച്ചു.

## Article Content

**അബുദാബി/ദുബായ് : [** രാജ്യം കനത്ത മൂടൽമഞ്ഞിൽ അമർന്നതോടെ യുഎഇയുടെ വിവിധ ഭാഗങ്ങളിൽ റെഡ്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. പുലർച്ചെ മുതൽ അനുഭവപ്പെട്ട കനത്ത മഞ്ഞ് ജനജീവിതത്തെയും ഗതാഗതത്തെയും ബാധിച്ചു. ദൂരക്കാഴ്ച പരിധി കുറഞ്ഞ സാഹചര്യത്തിൽ വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (എൻസിഎം) അറിയിച്ചു.

**ഗതാഗത നിയന്ത്രണം; വേഗപരിധി കുറച്ചു**

മൂടൽമഞ്ഞ് ശക്തമായതോടെ അബുദാബിയിലെ പ്രധാന റോഡുകളിൽ വേഗപരിധി കുറച്ചു. ദൂരക്കാഴ്ച കുറഞ്ഞ മേഖലകളിൽ വേഗപരിധി സംബന്ധിച്ച അറിയിപ്പുകൾ ഡ്രൈവർമാരുടെ മൊബൈലുകളിലും റോഡരികിലെ ഇലക്ട്രോണിക് ഡിസ്പ്ലേ ബോർഡുകളിലും അധികൃതർ നൽകി. ദുബായ് റോഡ് ഗതാഗത അതോറിറ്റി(ആർടിഎ) സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്ന് രാവിലെ 9 വരെ ദൂരക്കാഴ്ച ഗണ്യമായി കുറയാൻ സാധ്യതയുണ്ടെന്നും തീരദേശ-ഉൾനാടൻ മേഖലകളിൽ സ്ഥിതി കൂടുതൽ സങ്കീർണ്ണമാകുമെന്നും അധികൃതർ വ്യക്തമാക്കി.

**താപനില ഉയരും; രാത്രിയിൽ ഈർപ്പം**

മഞ്ഞിനിടയിലും ദുബായിൽ താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം. ദുബായിൽ പരമാവധി താപനില 29 ഡിഗ്രി സെൽഷ്യസ് വരെ എത്തിയേക്കാം. ബുധനാഴ്ച രാവിലെ വരെ അന്തരീക്ഷത്തിൽ ഈർപ്പം (ഹ്യുമിഡിറ്റി) കൂടുതലായിരിക്കുമെന്നും മുന്നറിയിപ്പുണ്ട്.

അബുദാബി: 18 - 29°സെൽഷ്യസ്, ദുബായ്: 18 - 29, ഷാർജ: 15 - 29, ലിവ (അബുദാബി): പരമാവധി 32, ജബൽ ജൈസ്: കുറഞ്ഞ താപനില 8°സെൽഷ്യസ് എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിലെ താപനില.

രാജ്യത്തിന്റെ തെക്കുപടിഞ്ഞാറൻ ദിശയിൽ നിന്ന് വടക്കുകിഴക്കൻ ദിശയിലേക്ക് മണിക്കൂറിൽ 10 മുതൽ 20 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. ചിലയിടങ്ങളിൽ ഇത് 30 കിലോമീറ്റർ വരെ ഉയർന്നേക്കാം. കടൽ പൊതുവെ ശാന്തമായിരിക്കുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/341186/heavy-fog-in-the-uae-red-alert-drivers-urged-to-be-careful)