അറാർ : (https://gcc.truevisionnews.com/) സൗദി അറേബ്യയുടെ വടക്കൻ അതിർത്തി മേഖലയിൽ പരിസ്ഥിതി ഗവേഷകർക്കും പക്ഷി നിരീക്ഷകർക്കും കൗതുകമായി 'ലിറ്റിൽ ഔൾ' അഥവാ കുഞ്ഞൻ മൂങ്ങയെ കണ്ടെത്തി.
ശാസ്ത്രീയമായി 'അഥീന നോക്തുവ' എന്ന് വിളിക്കപ്പെടുന്ന ഇവയെ പിറ്റ് ഔൾ എന്നും അറിയപ്പെടുന്നു. മേഖലയിലെ പരിസ്ഥിതി വൈവിധ്യം സംരക്ഷിക്കപ്പെടുന്നതിന്റെയും ആവാസവ്യവസ്ഥ മെച്ചപ്പെടുന്നതിന്റെയും നിർണ്ണായക തെളിവായാണ് ഈ കണ്ടെത്തലിനെ ശാസ്ത്രലോകം വിലയിരുത്തുന്നത്.
വളരെ ചെറിയ ശരീരപ്രകൃതിയുള്ള ഈ മൂങ്ങകൾ സന്ധ്യാസമയത്തും രാത്രിയിലുമാണ് കൂടുതൽ സജീവമാകുന്നത്. മരുഭൂമികളിലും പാറക്കെട്ടുകൾ നിറഞ്ഞ പ്രദേശങ്ങളിലും കൃഷിയിടങ്ങളിലും ഒരേപോലെ ജീവിക്കാൻ കഴിവുള്ള ഇവ പരിസ്ഥിതിയുമായി വേഗത്തിൽ ഇണങ്ങിച്ചേരും.
പ്രാണികൾ, ചെറിയ എലികൾ, ഇഴജന്തുക്കൾ എന്നിവയാണ് പ്രധാന ഭക്ഷണം. കാർഷിക മേഖലയിലെ കീടങ്ങളെ നിയന്ത്രിക്കുന്നതിലും പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിലും കുഞ്ഞൻ മൂങ്ങകൾ വലിയ പങ്ക് വഹിക്കുന്നുണ്ട്.
സാധാരണ മൂങ്ങകൾ മരങ്ങളിൽ കൂടു കൂട്ടുമ്പോൾ, കുഞ്ഞൻ മൂങ്ങകൾ മണ്ണിലെ മാളങ്ങളിലും പാറയിടുക്കുകളിലുമാണ് കഴിയുന്നത്. രാത്രികാലങ്ങളിൽ ഇവ പുറപ്പെടുവിക്കുന്ന തീക്ഷ്ണമായ ശബ്ദത്തിലൂടെ ഇവയെ എളുപ്പത്തിൽ തിരിച്ചറിയാൻ സാധിക്കും.
വടക്കൻ അതിർത്തി മേഖലയിലെ സ്വാഭാവിക ആവാസവ്യവസ്ഥ ആരോഗ്യകരമാണെന്നാണ് ഈ പക്ഷിയുടെ സാന്നിധ്യം സൂചിപ്പിക്കുന്നതെന്നാണ് പരിസ്ഥിതി ശാസ്ത്രജ്ഞർ പറയുന്നത്. ഇത്തരം ജീവവർഗ്ഗങ്ങളെ കണ്ടെത്തുന്നത് ശാസ്ത്രീയ പഠനങ്ങൾക്കും വന്യജീവി സംരക്ഷണത്തിനും വലിയ കരുത്ത് പകരും.
Pit owl spotted on Saudi Arabia's northern border


































