മനാമ: (gcc.truevisionnews.com) വാട്സ്ആപ് വഴി പരിചയക്കാരോ പ്രിയപ്പെട്ടവരോ ആയി ആൾമാറാട്ടം നടത്തി വ്യക്തിഗതവിവരങ്ങൾ ചോർത്തുകയും പണം ബാങ്ക് വഴി തട്ടിയെടുക്കുകയും ചെയ്യുന്ന തട്ടിപ്പുകൾ വർധിക്കുന്ന സാഹചര്യത്തിൽ, പൊലീസ് ശക്തമായ ജാഗ്രതാ നിർദേശം നൽകി. തട്ടിപ്പുകാർ അക്കൗണ്ടുകൾ ഹാക്ക് ചെയ്ത് വിശ്വാസം ചൂഷണം ചെയ്യുന്നതിനാൽ, പൗരന്മാരും താമസക്കാരും ഇത്തരം സന്ദേശങ്ങളോട് പ്രതികരിക്കുന്നതിന് മുമ്പ് പരിശോധിച്ച് ഉറപ്പാക്കണം എന്ന് പൊലീസ് ആവശ്യപ്പെട്ടു.
ഹിദ്ദ് പൊലീസ് സ്റ്റേഷൻ മേധാവി കേണൽ ഡോ. ഉസാമ ബഹർ 'അൽ അമാൻ' സോഷ്യൽ മീഡിയ പരിപാടിയിൽ ഒരു മാതാവ് കബളിപ്പിക്കപ്പെട്ട സംഭവം ഉദാഹരണമായി ചൂണ്ടിക്കാട്ടി: മകളുടെ ഹാക്ക് ചെയ്യപ്പെട്ട വാട്സ്ആപ് അക്കൗണ്ടിൽ നിന്ന് മാതാവിന് സി.പി.ആർ. കാർഡിന്റെ പകർപ്പ് ചോദിച്ചുകൊണ്ടുള്ള സന്ദേശം ലഭിച്ചു.
എന്തിനാണ് ആവശ്യമെന്ന ചോദ്യത്തിന്, ‘പിന്നീട് വിശദീകരിക്കാം, ഉടൻ ഫോട്ടോ അയച്ചുതരണം’ എന്ന മറുപടിയിൽ വിശ്വസിച്ച് മാതാവ് കാർഡിന്റെ ഇരുവശങ്ങളുടെയും ചിത്രങ്ങൾ കൈമാറി. ഇതിനുപിന്നാലെ, മാതാവിന്റെ ബാങ്ക് അക്കൗണ്ടിലെ മുഴുവൻ പണവും തട്ടിപ്പുകാർ കൈക്കലാക്കി എന്ന് തിരിച്ചറിഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്.
മകളുടെ വാട്സ്ആപ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്നും മാതാവുമായി സംസാരിച്ചത് തട്ടിപ്പുകാരനാണെന്നും പിന്നീടാണ് കണ്ടെത്താനായത്. നിങ്ങളുമായി അടുപ്പമുള്ള ആളുകളുടെ അക്കൗണ്ടുകളിൽ നിന്നുള്ള സംഭാഷണങ്ങളെയും സന്ദേശങ്ങളെയും പൂർണമായും നിങ്ങൾ വിശ്വസിക്കരുത്.
അവർ ആരായിരുന്നാലും, ഒരു ഫോൺ കോൾ ചെയ്ത്, അവർക്ക് ആ വിവരങ്ങൾ എന്തിനാണ് ആവശ്യമുള്ളതെന്ന് പരിശോധിച്ച് ഉറപ്പാക്കുന്നതിൽ തെറ്റില്ല. ഇത് നിങ്ങളുടെ അക്കൗണ്ടുകളെ, പ്രത്യേകിച്ച് ബാങ്ക് അക്കൗണ്ടുകളെ സുരക്ഷിതമാക്കുമെന്നും ഉസാമ പറഞ്ഞു.
അറിയപ്പെടാത്ത നമ്പറുകളോടോ സംശയാസ്പദമായ സന്ദേശങ്ങളോടോ പ്രതികരിക്കരുത്. ഇരയാക്കപ്പെടുന്നവർ ഉടൻ തന്നെ ബാങ്കിനെ വിളിച്ച് തട്ടിപ്പ് റിപ്പോർട്ട് ചെയ്യുകയും ബാങ്ക് കാർഡ് മരവിപ്പിക്കാനോ റദ്ദാക്കാനോ ആവശ്യപ്പെടുക. തട്ടിപ്പുകാരൻ ദുരുപയോഗം ചെയ്യാതിരിക്കാൻ എല്ലാ അക്കൗണ്ടുകളുടെ പാസ്വേഡുകൾ ഉടൻ റീസെറ്റ് ചെയ്യുക. സൈബർ ക്രൈം ഹോട്ട്ലൈൻ ആയ 992ൽ വിളിച്ച് ഉടൻതന്നെ തട്ടിപ്പ് റിപ്പോർട്ട് ചെയ്യുകയും വേണം.
fraud through whatsapp using impersonation police issue alert


















.jpeg)















