അസർബൈജാൻ: [gcc.truevisionnews.com] അസർബൈജാനിലെ ബാക്കു വിമാനത്താവളത്തിൽ ഷാർജയിലേക്കുള്ള എയർ അറേബ്യയുടെ ജി9301 സർവീസ് റദ്ദായതിനെ തുടർന്ന്, മലയാളികൾ ഉൾപ്പെടെയുള്ള 160 യാത്രക്കാർ രണ്ട് ദിവസമായി ബുദ്ധിമുട്ടിയിരിക്കുകയാണ്.
30-ാം തീയതി വൈകിട്ട് 5 മണിക്ക് പുറപ്പെടേണ്ട വിമാനമാണ് സാങ്കേതിക തകരാറിനെ തുടർന്ന് അവസാന നിമിഷം റദ്ദാക്കപ്പെട്ടത്.
കോഴിക്കോട് നിന്ന് എത്തിയ 23 പേരടക്കം ഒരാഴ്ചത്തെ സന്ദർശനം പൂർത്തിയാക്കിയ സംഘം 30-ാം തീയ്യതി ഉച്ചയോടെ വിമാനത്താവളത്തിലെത്തി.
എമിഗ്രേഷൻ പൂര്‍ത്തിയായ ശേഷമാണ് വിമാനം വൈകിയേ പുറപ്പെടൂ എന്ന അറിയിപ്പ് ലഭിച്ചത്. എന്നാൽ രണ്ട് തവണ നൽകിയ പുതിയ സമയങ്ങളിലും വിമാനം യാത്ര പുറപ്പെട്ടില്ല.
ഏകദേശം എട്ട് മണിക്കൂർ കാത്തിരിപ്പ് കഴിഞ്ഞാണ് സാങ്കേതിക പ്രശ്നമാണെന്ന് വ്യക്തമാക്കിയതും യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റിയതും.
തിങ്കളാഴ്ച ദിവസം മൂന്ന് പ്രാവശ്യം വിമാന സമയം മാറ്റി അറിയിച്ചെങ്കിലും സർവീസ് ഒരിക്കലും ആരംഭിച്ചില്ല. ഇപ്പോഴിതാ ഇന്ന് വൈകിട്ട് 6 മണിയോടെയാണ് യാത്ര ആരംഭിക്കുമെന്ന മെയിൽ സന്ദേശമാണ് യാത്രക്കാരുടെ ഏക ആശ്രയം.
എയർ അറേബ്യയുടെ യാതൊരു പ്രതിനിധികളും നേരിട്ട് യാത്രക്കാരുമായി ബന്ധപ്പെട്ടിട്ടില്ലെന്നും, ലഭിക്കുന്ന അറിയിപ്പുകൾ എല്ലാം മെയിലുകളിലൂടെയാണെന്നും യാത്രക്കാർ ആരോപിക്കുന്നു.
ചെറിയ കുട്ടികളും രോഗികളും ഉൾപ്പെടുന്ന യാത്രക്കാർ ആശങ്കയോടെയാണ് കാത്തിരിക്കുന്നത്. തിങ്കളാഴ്ച ജോലിയിൽ പ്രവേശിക്കേണ്ടതിനാൽ ചിലർ സ്വന്തം ചെലവിൽ പുതിയ ടിക്കറ്റുകൾ വാങ്ങി മടങ്ങി.
എയർ അറേബ്യ അധികൃതരുമായി ബന്ധപ്പെടാൻ സാധിക്കാത്തതും വ്യക്തമായ വിവരങ്ങൾ ലഭിക്കാത്തതും യാത്രക്കാരുടെ പ്രധാന പരാതിയായി തുടരുന്നു.
Air Arabia's flight G9301 has been cancelled


































