മക്ക: (gcc.truevisionnews.com) ആലുവ കുട്ടമശ്ശേരി ചാലക്കൽ സ്വദേശി ചേറോടത്ത് സലീമുദ്ദീൻ (58) മക്കയിൽ ഉംറ തീർഥാടനത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു. ഭാര്യയും മക്കളുമൊത്ത് ഉംറ നിർവഹിക്കുന്നതിനിടെയാണ് ഹറം പള്ളിയിൽ വെച്ച് ഇദ്ദേഹം മരിച്ചത്.
20 വർഷത്തോളം ജിദ്ദയിൽ പ്രവാസിയായിരുന്ന ഇദ്ദേഹം ബലദിൽ ഒരു യൂനിഫോം കമ്പനിയിലും സീഗിൾസ് റെസ്റ്റാറന്റിലുമായി ജോലിചെയ്തിരുന്നു. കുറച്ചു വർഷങ്ങൾക്ക് മുമ്പ് പ്രവാസം അവസാനിപ്പിച്ച് നാട്ടിലെത്തി ബിസിനസ് നടത്തുകയായിരുന്നു.
ജിദ്ദയിലായിരിക്കെ തനിമ സാംസ്കാരികവേദിയിൽ സജീവപ്രവർത്തകനായിരുന്നു. നന്മ എന്ന പേരിൽ സ്നേഹ കൂട്ടായ്മ ഉണ്ടാക്കുന്നതിലും ഇദ്ദേഹത്തിന്റെ പങ്ക് ഏറെ വലുതായിരുന്നു. പ്രവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ ശേഷവും സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന ഇദ്ദേഹം നിലവിൽ വെൽഫെയർ പാർട്ടി കീഴ്മാട് പഞ്ചായത്ത് കമ്മിറ്റി ജോയന്റ് സെക്രട്ടറിയാണ്.
രണ്ട് പതിറ്റാണ്ടോളം നീണ്ട പ്രവാസ പശ്ചാത്തലത്തിൽ അറേബ്യൻ ചരിത്രങ്ങൾ അടിസ്ഥാനമാക്കി ‘മലനിരകൾ പറഞ്ഞ പൊരുളുകൾ’ എന്ന പേരിൽ ഒരു നോവലും ഇദ്ദേഹം എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്. പരേതനായ ചെറോടത്ത് കുഞ്ഞു മുഹമ്മദ് (നായനാർ) ആണ് പിതാവ്. ഭാര്യ റംലത്തും രണ്ട് പെൺമക്കളുമടങ്ങുന്നതാണ് കുടുംബം. മരണാന്തര നടപടികൾ പൂർത്തിയാക്കി മൃതദേഹം മക്കയിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു
Malayali man collapses and dies while performing Umrah
































