---
title: "ജീവന്റെ വിലയുള്ള മുന്നറിയിപ്പ്, യുഎഇയിൽ മലയാളത്തിലും  ബോധവൽക്കരണം; അത്യാഹിത വാഹനങ്ങൾ തടസ്സപ്പെടുത്തുന്നത് ശിക്ഷാർഹം"
english_title: "Awareness campaign in Malayalam requesting to give way to emergency vehicles in the UAE."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/309795/awareness-campaign-in-malayalam-requesting-to-give-way-to-emergency-vehicles-in-the-uae"
published_at: "2025-08-20T13:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a581d12fc6f_WhatsApp_Image_2025-08-20_at_12.52.58_AM.jpeg"
keywords: []
---

# ജീവന്റെ വിലയുള്ള മുന്നറിയിപ്പ്, യുഎഇയിൽ മലയാളത്തിലും  ബോധവൽക്കരണം; അത്യാഹിത വാഹനങ്ങൾ തടസ്സപ്പെടുത്തുന്നത് ശിക്ഷാർഹം

> **Lead Summary:** **അബുദാബി : [**യുഎഇയിൽ അത്യാഹിത വാഹനങ്ങൾക്ക് വഴിമാറിക്കൊടുക്കണമെന്ന് അഭ്യർത്ഥിച്ച് മലയാളത്തിൽ ബോധവൽക്കരണം. ആംബുലൻസ്, അഗ്നിശമന സേന, പോലീസ് പട്രോളിങ് വാഹനങ്ങൾ എന്നിവയ്ക്ക് തടസ്സം സൃഷ്ടിക്കരുതെന്ന സന്ദേശവുമായി നടി ജുമാന ഖാൻ അഭിനയിച്ച വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നു. മലയാളം ഉൾപ്പെടെ വിവിധ ഭാഷകളിലാണ് ഈ ക്യാംപെയ്ൻ നടക്കുന്നത്

## Article Content

**അബുദാബി : [**യുഎഇയിൽ അത്യാഹിത വാഹനങ്ങൾക്ക് വഴിമാറിക്കൊടുക്കണമെന്ന് അഭ്യർത്ഥിച്ച് മലയാളത്തിൽ ബോധവൽക്കരണം. ആംബുലൻസ്, അഗ്നിശമന സേന, പോലീസ് പട്രോളിങ് വാഹനങ്ങൾ എന്നിവയ്ക്ക് തടസ്സം സൃഷ്ടിക്കരുതെന്ന സന്ദേശവുമായി നടി ജുമാന ഖാൻ അഭിനയിച്ച വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നു. മലയാളം ഉൾപ്പെടെ വിവിധ ഭാഷകളിലാണ് ഈ ക്യാംപെയ്ൻ നടക്കുന്നത്

നിയമം ലംഘിക്കുന്നവർക്ക് 3,000 ദിർഹം പിഴയും 6 ബ്ലാക് പോയിന്റും ശിക്ഷയുണ്ടാകുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. കൂടാതെ വാഹനം 30 ദിവസത്തേക്കു പിടിച്ചുവയ്ക്കും. ഈ നിയമലംഘനത്തിന് കഴിഞ്ഞ വർഷം 325 ഡ്രൈവർമാർക്ക് 3000 ദിർഹം വീതം പിഴ ചുമത്തിയിരുന്നു.

ദുബായിലാണ് ഏറ്റവും കൂടുതൽ നിയമലംഘനം റിപ്പോർട്ട് ചെയ്തത്, 160. അബുദാബി 107, അജ്മാൻ 31, ഷാർജ 17, റാസൽഖൈമ 5, ഉമ്മുൽഖുവൈൻ 3, ഫുജൈറ 2 എന്നിങ്ങനെയാണ് മറ്റു എമിറേറ്റുകളിലെ നിയമലംഘനങ്ങൾ.

അത്യാഹിതവിഭാഗം വാഹനങ്ങളിലെ ക്യാമറ പൊലീസി‍ൻറെ സ്മാർട്ട് സംവിധാനവുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാൽ വഴി മുടക്കുന്ന ഡ്രൈവറുടെയും വാഹനത്തിന്റെയും ചിത്രം സഹിതമുള്ള വിവരങ്ങൾ യഥാസമയം പൊലീസിന് ലഭിക്കും. അതിനാൽ പെട്ടെന്നുതന്നെ നടപടി ഉണ്ടാകും.

ആംബുലൻസിന്റെയും ഫയർഫോഴ്സിന്റെയും പട്രോളിങ് വാഹനങ്ങളുടെയും അപായ സൂചനാ ശബ്ദമോ (സൈറൺ) വെളിച്ചമോ (ഫ്ലാഷ് ലൈറ്റ്സ്) കണ്ടാൽ ഉടൻ മറ്റു വാഹനങ്ങൾ ഒതുക്കി കൊടുക്കണമെന്ന് ആഭ്യന്തര മന്ത്രാലയവും അഭ്യർഥിച്ചു. കോവിഡ് കാലങ്ങളിൽ അബുദാബി പൊലീസ് മലയാളത്തിൽ ബോധവൽക്കരണ ക്യാംപെയ്ൻ നടത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/309795/awareness-campaign-in-malayalam-requesting-to-give-way-to-emergency-vehicles-in-the-uae)